കോഴിക്കോട്: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിൻറെ ഹോം ഗ്രൗണ്ടായി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തെ തിരഞ്ഞെടുത്തത് ഫുട്ബോൾ പ്രേമികൾക്ക് ആഹ്ലാദം നൽകുന്ന വാർത്തയാണ്. എന്നാൽ അടുത്ത മാസം 14ന് തുടങ്ങുന്ന ടൂർണമെൻറിന് മുമ്പ് കോർപ്പറേഷൻ സ്റ്റേഡിയം കളി നടത്താൻ സജ്ജമാകുമോയെന്ന ആശങ്കയും കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികൾക്കുണ്ട്. കോർപ്പറേഷൻ സ്റ്റേഡിയം പഴയത് പോലെയാകാൻ ഇനിയും കാത്തിരിക്കണം. സാഹസിക ബൈക്ക് റൈസിംഗ് മത്സരമായ സൂപ്പർ ക്രോസ് ലീഗിന് കൈമാറിയ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പുൽത്തകിടി നശിച്ചത് പൂർവസ്ഥിതിയിലാക്കൽ എളുപ്പമല്ല. മൈതാനം പൂർവസ്ഥിതിയിലാക്കാൻ കോർപ്പറേഷനോട് 30 ദിവസം കൂടുതൽ ആവശ്യപ്പെട്ടിരിക്കുകയാണ് സൂപ്പർ ക്രോസ് പ്രതിനിധികൾ. ഈ മാസം 15ന് സ്റ്റേഡിയം പഴേപടിയാക്കുമെന്നായിരുന്നു കെ.എഫ്.എയുടെ ഉറപ്പ്. ഇതാണ് പാഴ്വാക്കായിരിക്കുന്നത്. 25 ലക്ഷം രൂപ കരാർ വകയിൽ കെ.എഫ്.എക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, അത്രയും തുക കൊണ്ട് നിലവിൽ സംഭവിച്ച നാശനഷ്ടം നികത്താനാവില്ലെന്നാണ് വിലയിരുത്തൽ. ഇനി ഏതാണ്ട് 20 ദിവസത്തിനുള്ളിൽ പുല്ല് വെച്ച് പിടിപ്പിക്കണമെന്നത് സംഘാടകരെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. ഫെബ്രുവരി അവസാനവാരമായിരിക്കും കോഴിക്കോട്ടെ മത്സരങ്ങൾ നടക്കുക. എഴു മത്സരങ്ങളാണ് ആദ്യ പാദത്തിലുണ്ടാവുക.
ആശങ്കയിൽ ഫുട്ബോൾ പ്രേമികൾ
രാജ്യാന്തര ഫുട്ബോൾ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച പുൽമൈതാനമാണ് സൂപ്പർ ക്രോസ് ബൈക്ക് റേസിംഗ് മത്സരത്തോടെ തകർന്നു തരിപ്പണമായത്. സ്റ്റേഡിയത്തിലെ പുൽത്തകിടിക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിന് മുകളിൽ പലക നിരത്തി, അതിന് മുകളിൽ ലോഡ് കണക്കിന് മണ്ണിട്ടാണ് മത്സരത്തിന് അരങ്ങൊരുക്കിയത്. ഇതിനായി 800 ലോഡ് മണ്ണ് എത്തിച്ചിരുന്നു. മണ്ണ് കൊണ്ടുള്ള കുന്നുകൾ സൃഷ്ടിച്ചാണ് ബൈക്ക് റൈസിംഗ് നടന്നത്. ലോറികളും മറ്റും നിരന്തരം കയറിയിറങ്ങിയതിനാൽ സ്റ്റേഡിയം തകർന്നു. സ്റ്റേഡിയത്തിന്റെ വശങ്ങളിൽ ഉണ്ടായിരുന്ന പൈപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരത്തിയ മണ്ണ് ജെ.സി.ബി ഉപയോഗിച്ചാണ് മാറ്റിയത്. ഈ പ്രവൃത്തികളെല്ലാം കഴിഞ്ഞതോടെ മൈതാനിയിലെ പുല്ല് പൂർണമായും ഉണങ്ങി. നിലവിൽ സൂപ്പർ ക്രോസിന്റെ തൊഴിലാളികളുടെ നേതൃത്വത്തിൽ പുല്ലുകൾ നട്ടുനനച്ചു വളർത്തുകയാണ്. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഏറ്റെടുത്തതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കണം.
കോഴിക്കോടിന് കോളടിച്ചത്
കേരളാ ബ്ലാസ്റ്റേഴ്സിൻറെ സ്ഥിരം ഹോം ഗ്രൗണ്ടായ കൊച്ചി കലൂർ സ്റ്റേഡിയം മെസിയുടെ പരിപാടിക്ക് വേണ്ടി പൊളിച്ചിട്ടത് ഇതുവരെ പഴയപടി ആകാത്തതാണ് ബ്ലാസ്റ്റേഴ്സ് കോഴിക്കോട് തിരഞ്ഞെടുക്കാൻ കാരണം. കോഴിക്കോട് കളി കാണാൻ ഫുട്ബോൾ പ്രേമികൾ ഒഴുകിയെത്തുമെന്നതും ഗുണമായി. സൂപ്പർലീഗ് കേരളയുടെ രണ്ട് സീസണുകളിലും 34,000ത്തോളം കാണികൾ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ കളി കാണാനെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |