
തിരുവനന്തപുരം: കേരള ട്രാവൽ മാർട്ടിന്റ 13-ാം പതിപ്പ് (കെ.ടി.എം 2026) സെപ്തംബർ 24 മുതൽ കൊച്ചിയിൽ നടക്കും. ഉദ്ഘാടനം 24ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കും. വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ സെപ്തംബർ 25 മുതൽ 27 വരെയാണ് ട്രാവൽ മാർട്ടിന്റെ ഭാഗമായ ബിസിനസ് മീറ്റ് നടക്കുകയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ.ടി.എം 2026 പ്രൊമോഷൻ വീഡിയോ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്‌തു. കെ.ടി.എമ്മിന്റെ നവീകരിച്ച വെബ്‌സൈറ്റ് ടൂറിസം സെക്രട്ടറി കെ. ബിജു പുറത്തിറക്കി. ടൂറിസം അഡിഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥൻ, ജോയിന്റ് സെക്രട്ടറി ജോബിൻ ജോസഫ്, വൈസ് പ്രസിഡന്റ് സി. ഹരികുമാർ, ട്രഷറർ ജിബ്രാൻ ആസിഫ്, കെ.ടി.എം മുൻ പ്രസിഡന്റ് ഇ.എം. നജീബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പോസ്റ്റ് മാർട്ട് ടൂറുകൾ
വാണിജ്യ കൂടിക്കാഴ്ചകൾ, നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ അന്തർദേശീയ വിദഗ്‌ദ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. സെപ്തംബർ 28 മുതൽ ഒക്ടോബർ മൂന്ന് വരെ പോസ്റ്റ് മാർട്ട് ടൂറുകൾ നടക്കും. 12 മേഖലകളിലായാണ് പോസ്റ്റ് മാർട്ട് ടൂറുകൾ. 400ലധികം അന്താരാഷ്ട്ര ബയർമാർ, 1500ലധികം ആഭ്യന്തര ബയർമാർ, മൈസ്, വെഡ്ഡിംഗ് പ്ലാനർമാർ തുടങ്ങിയവർ പരിപാടിക്കെത്തും.
ലെയ്ഷർ ടൂറിസം മേഖലയിലെ ശക്തമായ സാന്നിദ്ധ്യം, വെൽനസ് ടൂറിസം, ആയുർവേദം, കമ്മ്യൂണിറ്റി ടൂറിസം, സുസ്ഥിര പുനരുജ്ജീവന ടൂറിസം എന്നിവ അവതരിപ്പിക്കുക, അന്താരാഷ്ട്ര, ആഭ്യന്തര ടൂറിസം വിപണികളിൽ കേരളത്തെ മുൻനിര മൈസ്, വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ഉയർത്തുക എന്നിവയാണ് ലക്ഷ്യം
പി.എ. മുഹമ്മദ് റിയാസ്
മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |