കോന്നി: കാട്ടിലെ മ്ളാവിനെയും നേരത്തെ കൊന്നതായി വനപാലകരെ ആക്രമിച്ചതിന് പിടിയിലായ നായാട്ടുസംഘം സമ്മതിച്ചു. നാലുപേരടങ്ങുന്ന സംഘത്തെ തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ശനിയാഴ്ച രാത്രിയാണ് വനപാലകർ പിടികൂടിയത്. വനമേഖലയിൽ മൃഗവേട്ട നടക്കുന്നതുമായി ബന്ധപ്പെട്ട് വനപാലകർ മാസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. തേക്കുതോട് സ്വദേശികളായ പ്രവീൺ പ്രമോദ്, അനിൽ, സുരാജ്, സ്മിജു സണ്ണി എന്നിവരാണ് പ്രതികൾ. കഴിഞ്ഞ നവംബറിൽ തണ്ണിത്തോട് തേക്കുതോട് റോഡിൽ പ്ലാന്റേഷൻ ഭാഗത്ത് മ്ലാവിന്റെ മുറിച്ചെടുത്ത തല റോഡിൽ കണ്ടെത്തിയിരുന്നു.
പതിവ് പരിശോധനയ്ക്കിടെയാണ് നായാട്ടുസംഘം വനപാലകരുടെ മുന്നിൽപ്പെട്ടത്. പിടിക്കപ്പെടും എന്നായപ്പോൾ ആക്രമിക്കാനും വെടിവയ്ക്കാനും പ്രതികൾ ശ്രമിച്ചു. തുടർന്നുണ്ടായ സംഘർഷത്തിനിടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേഷ് കുമാറിന്റെ കൈയ്ക്ക് പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. സംഘം എത്തിയ ജീപ്പും പിടിച്ചെടുത്തു. വെട്ടുകത്തി അടക്കമുള്ള ആയുധങ്ങളും ജീപ്പിൽ നിന്ന് കണ്ടെടുത്തു. മുമ്പും ഈ മേഖലയിൽ നായാട്ട് സംഘങ്ങൾ പിടിയിലായിട്ടുണ്ട്. പ്രദേശത്തെ നായാട്ടു സംഘങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് വനപാലകർ പറഞ്ഞു.വനമേഖലയോട് ചേർന്ന് ജനവാസ മേഖലകളായ തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നായാട്ട് സംഘങ്ങൾ വർദ്ധിച്ചിട്ടുണ്ട്. പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലും പഞ്ചായത്തിലെ വന മേഖലയോട് ചേർന്ന ജനവാസ മേഖലകളിലും പലതവണ മ്ലാവുകൾ, കേഴകൾ, കാട്ടുപോത്തുകൾ, എന്നിവയെ കൊന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |