
കോന്നി: ഇന്നലെ പുലർച്ചെ കുമ്പഴത്തോട്ടത്തിൽ റബർ ടാപ്പിംഗിനിറങ്ങിയ മോനച്ചൻ നടുങ്ങി. കൺമുന്നിൽ കടുവ. ജീവനുംകൊണ്ടോടിയ മോനച്ചൻ മറ്റ് തൊഴിലാളികളെ വിവരമറിയിച്ചപ്പോഴേക്കും കടുവ കടന്നു. ഒാടിപ്പോകുന്ന കടുവയെ മറ്റ് തൊഴിലാളികളും കണ്ടു.
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിൽ പുലർച്ചെ 1.30നാണ് സംഭവം. ചെങ്ങറ സമരഭൂമിയോട് ചേർന്നുള്ള വാപ്പിലതോടിന് സമീപം റബർകറ സംഭരിച്ചുവയ്ക്കുന്ന ഷെഡിൽ നിന്നാണ് കടുവ ചാടിയത്. .കടുവയെ പേടിച്ച് ഇന്നലെ പ്രദേശത്ത് തൊഴിലാളികൾ ടാപ്പിംഗിനിറങ്ങിയില്ല. ഇവിടെ നിന്ന് 50 മീറ്റർ മാത്രം അകലെയാണ് റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖല . ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടവും ചെറുവാള വനമേഖലയും അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. എസ്റ്റേറ്റിന്റെയും വനത്തിന്റെയും അതിർത്തിയിലൂടെയാണ് കല്ലാർ ഒഴുകുന്നത്. വനത്തിൽ നിന്ന് കല്ലാർ കടന്ന് കാട്ടാനകളും കാട്ടുപോത്തുകളും മ്ലാവുകളും, കാട്ടുപന്നികളും എസ്റ്റേറ്റിൽ എത്താറുണ്ട്. വേനൽ കടുത്തതോടെ ഇവ കൂടുതലായി വരുന്നുണ്ട്. . എന്നാൽ ആദ്യമായാണ് റബർ പ്ലാന്റേഷനിൽ കടുവ
യെ കാണുന്നത്.
കടുവ മുമ്പും കാടിറങ്ങി
.കോന്നി വനമേഖലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ മുമ്പും കടുവ ഇറങ്ങിയിട്ടുണ്ട്. 2018 ൽ കൊക്കാത്തോട് വനമേഖലയിൽ പൊന്നാമ്പൂ ശേഖരിക്കാൻ പോയ രവിയെ കടുവ കൊന്നു.
2020 ൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് മേടപ്പാറ എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളിയായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യുവിനെ കടുവകൊന്നു.
2023 ൽ കൊക്കാത്തോട് കാട്ടാത്തി ആദിവാസി കോളനിക്ക് സമീപം കടുവയെ ചത്തനിലയിൽ കണ്ടെത്തി.
2025 ൽ അച്ചൻകോവിലാറ്റിലെ കല്ലേലി ഭാഗത്ത് കടുവയെ ചത്തനിലയിൽ കണ്ടെത്തി.
2025 ൽ തണ്ണിത്തോട് മൂഴിക്ക് സമീപം രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം കോന്നി തണ്ണിത്തോട് വനപാതയിൽ വച്ച് കടുവയെ കണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |