
പ്രമാടം : വട്ടക്കുളഞ്ഞിക്കാർക്ക് കുടിവെള്ളം കിട്ടാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. വേനൽ കടുത്തതോടെ കിണറുകൾ വറ്റിത്തുടങ്ങി. വലിയ വിലയായതിനാൽ വെള്ളം വിലയ്ക്ക് വാങ്ങാനും കഴിയില്ല. ഇതൂമൂലം മറ്റ് സ്ഥലങ്ങളിലെത്തി വേണം വെള്ളം ശേഖരിക്കാൻ. പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് വട്ടക്കുളഞ്ഞി. ജനപ്രതിനിധികളോടും ജലഅതോറിറ്റി അധികൃതരോടും നാട്ടുകാർ പരാതി പറഞ്ഞുമടുത്തു. മറൂർ പമ്പുഹൗസിൽ നിന്നുള്ള വെള്ളം വല്ലപ്പോഴുമാണ് കിട്ടുന്നത്. വെള്ളം വാഹനങ്ങളിൽ വില്പനയ്ക്ക് എത്തിക്കുന്നവരുണ്ടെങ്കിലും വില താങ്ങാനാകില്ല. അഞ്ഞൂറ് മുതൽ ആയിരം രൂപവരെയാണ് ഒരു ടാങ്ക് വെള്ളത്തിന് കച്ചവടക്കാർ ഈടാക്കുന്നത്. ടാങ്കിന്റെ അളവ് അനുസരിച്ച് വിലയിലും വർദ്ധനയുണ്ടാകും.
ജലഅതോറിറ്റിയുടെ പമ്പിംഗ് കാര്യക്ഷമമാക്കുകയോ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തി
ക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്രമാടം പഞ്ചായത്തിൽ ആവിഷ്കരിച്ച സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പായിട്ടില്ല. 102 കോടി രൂപ ചെലവിലുള്ള പദ്ധതി ആരംഭിച്ചാൽ ഉയർന്ന പ്രദേശങ്ങളിലേക്കും തടസമില്ലാതെ വെള്ളം എത്തിക്കാൻ കഴിയുമായിരുന്നു.
വാട്ടർ അതോറിറ്റി കാണുന്നില്ലേ ?
ജല അതോറിറ്റിയുടെ മറൂർ പമ്പുഹൗസിൽ നിന്ന് ഇവിടെ വെള്ളം എത്തിക്കുന്ന പദ്ധതിയുണ്ടെങ്കിലും പ്രയോജനമില്ല. മോട്ടോറുകൾ ഇടയ്ക്കിടെ തകരാറിലാകുന്നതും പൈപ്പ് പൊട്ടലും മൂലം മിക്ക ദിവസങ്ങളിലും വെള്ളം കിട്ടാറില്ല. മറൂർ പമ്പുഹൗസിൽ മൂന്ന് മോട്ടോറുകളുണ്ട്. രണ്ടെണ്ണം മാത്രമാണ് മിക്കപ്പോഴും പ്രവർത്തിപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും വട്ടക്കുളഞ്ഞി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വല്ലപ്പോഴും മാത്രമാണ് വെള്ളം എത്തുന്നുത്. കാലാകാലങ്ങളിൽ പമ്പുഹൗസിന്റെ വിപുലീകരണത്തിന് തുക അനുവദിക്കാറുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കുടിവെള്ള ക്ഷാമത്തിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ
പഞ്ചായത്ത് ഓഫീസും വാട്ടർ അതോറിറ്റി ഓഫീസും ഉപരോധിക്കും.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |