
ഏനാത്ത് : ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഏനാത്ത് ആരംഭിച്ച ലൈഫ് ഫ്ളാറ്റിന്റെ നിർമ്മാണം മുടങ്ങിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. ഭൂരഹിതരായ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണിത്. ഭൂരഹിത കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി പുനരാരംഭിക്കാൻ ആലോചനപോലുമില്ല. 2020ൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. .ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഏനാത്തുള്ള 92 സെന്റ് വസ്തുവിലായിരുന്നു നിർമ്മാണം. 7.2 കോടിയാണ് പദ്ധതി തുക.
ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കണമെന്നായിരുന്നു കരാർ.
ഒരു കെട്ടിടത്തിന്റെ പകുതി പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. രണ്ടാമത്തെ കെട്ടിടത്തിന്റെ അടിത്തറ കെട്ടിയിട്ടുണ്ട് .ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഫ്ളാറ്റ് നിർമ്മാണം. പണി നിലച്ചതോടെ നിർമ്മാണ സാമഗ്രികൾ നശിച്ചുതുടങ്ങി. ഇവ പലയിടത്തായി ചിതറിക്കിടക്കുകയാണ്.
കരാർ പുതുക്കിയില്ല, കമ്പനി മടങ്ങി
കൊവിഡിനുശേഷം നിർമ്മാണ സാമഗ്രികൾക്ക് വിലകൂടിയതാണ് ഫ്ളാറ്റ് നിർമ്മാണം പ്രതിസന്ധിയിലാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിക്കായിരുന്നു കരാർ. വിലവർദ്ധനയ്ക്ക് ആനുപാതികമായി കരാർ പുതുക്കി നിശ്ചയിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും സർക്കാരുമായി ധാരണയിലെത്താനായില്ല. ഇതോടെ പണി ഉപേക്ഷിച്ച് കരാറുകാർ മടങ്ങി. പിന്നീട് ചർച്ചകളും നടന്നില്ല.
പ്രതിഷേധവുമില്ല !
നിരവധി ഭവനരഹിതർക്ക് ആശ്രയമാകേണ്ട പദ്ധതി മുടങ്ങിയിട്ടും പ്രതിപക്ഷം പോലും പ്രതിഷേധവുമായി രംഗത്തുവന്നില്ല. നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പോഷക സംഘടനയായ കർഷകസംഘം ഇടയ്ക്ക് പ്രതിഷേധ പരിപാടി നടത്തി. ലൈഫ് മിഷന്റെ അലംഭാവമാണ് പണി മുടങ്ങാൻ കാരണമെന്നായിരുന്നു അവരുടെ ആരോപണം. കർഷകസംഘവും പിന്നീട് മൗനംപാലിച്ചു.
7.2 കോടിയുടെ പദ്ധതി
ഭൂരഹിതരായ 54 കുടുംബങ്ങൾക്ക് പ്രയോജനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |