ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം നടത്തുമെന്ന് ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ. ദേശീയ അദ്ധ്യക്ഷനായ ശേഷം പാർട്ടി ആസ്ഥാനത്ത് നടന്ന ആദ്യ കേന്ദ്ര ഭാരവാഹി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ ഭാരവാഹികൾ, സംസ്ഥാന അദ്ധ്യക്ഷൻമാർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ സെക്രട്ടറി അനിൽ ആന്റണി തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന പ്രതിനിധികൾ അവതരിപ്പിച്ച തയ്യാറെടുപ്പ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പശ്ചിമ ബംഗാൾ, അസാം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ ഒരുക്കങ്ങൾ നിതിൻ നബിൻ അവലോകനം ചെയ്തു.
പശ്ചിമ ബംഗാളിൽ, ബി.ജെ.പി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് നിതിൻ പറഞ്ഞു. അസാമിൽ തുടർച്ചയായ മൂന്നാം തവണയും ബി.ജെ.പി സർക്കാർ രൂപീകരിക്കും.
തമിഴ്‌നാട്ടിൽ എൻ.ഡി.എ സഖ്യത്തിനാണ് മുൻതൂക്കം. പുതുച്ചേരിയിൽ, എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്തും. കേരളത്തിൽ പാർട്ടി വളരെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബൂത്ത്, മണ്ഡലം യൂണിറ്റുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നിതിൻ ചൂണ്ടിക്കാട്ടി. ഇതിനായുള്ള നിർദ്ദേശങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |