
ഇന്ത്യയിലെ വന്‍കിട മെട്രോ നഗരങ്ങളേക്കാള്‍ മികച്ച ജീവിത സാഹചര്യങ്ങള്‍ കേരളത്തിലെന്ന് വ്യവസായി ശ്രീധര്‍ വെമ്പു. രാജ്യത്ത് ഏറ്റവും മികച്ച ജീവിത നിലവാരം ലഭ്യമായിട്ടുള്ളത് കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്താണെന്നാണ് സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനും മുന്‍ സിഇഒയുമായ വെമ്പു അഭിപ്രായപ്പെട്ടത്. രാജ്യത്തെ വന്‍കിട നഗരങ്ങളായ മുംബയ്, ബംഗളൂരു പോലുള്ള ഇടങ്ങളേക്കുറിച്ച് വലിയ പരാതികള്‍ ആളുകള്‍ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താങ്ങാനാകാത്ത ജീവിതച്ചെലവ്, വായുമലിനീകരണം, ഗതാഗതക്കുരുക്ക് പോലുള്ള പ്രശ്‌നങ്ങള്‍ മെട്രോ നഗരങ്ങളേക്കുറിച്ച് കേള്‍ക്കാറുണ്ട്. എന്നാല്‍ തിരുവനന്തപുരം ഇക്കാര്യങ്ങളില്‍ ഒരുപടി മുകളിലാണ്. ഇക്കാര്യം പറഞ്ഞ് തിരുവനന്തപുരത്തിന് ദൃഷ്ടിദോഷം ഉണ്ടാകുമോയെന്ന് താന്‍ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മാത്രമല്ല മറിച്ച് കേരളത്തിലാകെ ഈ പറഞ്ഞ പ്രത്യേകതകള്‍ കാണാന്‍ കഴിയുമെന്നാണ് ശ്രീധര്‍ വെമ്പുവിന്റെ അഭിപ്രായം. ഒരു പൊതുചടങ്ങിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ശ്രീധര്‍ വെമ്പുവിന്റെ വാക്കുകള്‍
'എനിക്ക് എപ്പോഴും തിരുവനന്തപുരത്ത് വരാന്‍ വലിയ ഇഷ്ടമാണ്. മിക്കവാറും ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരമായിരിക്കും ഇത്. ഇക്കാര്യം പുറത്ത് ഉച്ചത്തില്‍ പറയാന്‍ എനിക്ക് പേടിയാണ്, കാരണം ഈ നന്മയ്ക്ക് ആരുടെയെങ്കിലും ദൃഷ്ടി തട്ടിയാലോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ബംഗളൂരുവില്‍ നിന്നോ മുംബയില്‍ നിന്നോ ചെന്നൈയില്‍ നിന്നോ ഉള്ള ട്വീറ്റുകള്‍ നോക്കൂ, അവിടുത്തെ സംരംഭകരെല്ലാം ജീവിതനിലവാരത്തെക്കുറിച്ച് പരാതി പറയുന്നവരാണ്. എന്നാല്‍ കേരളത്തില്‍ ചില രഹസ്യക്കൂട്ടുകളുണ്ട്. അത് കേരളത്തിലുടനീളം കാണാം. അത് കാത്തുസൂക്ഷിക്കേണ്ടതാണ്.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |