കോഴിക്കോട്: എൽ.ഡി.എഫിന് ഹാട്രിക് നേട്ടം ഉറപ്പിക്കാൻ കോഴിക്കോട് ജില്ലയിലെ ആധിപത്യം തുടരേണ്ടത് അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിനറിയാം. അതിനാൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ ഇറക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ബേപ്പൂർ സീറ്റുകളിൽ മത്സരിക്കാൻ സി.പി.എം ഉറപ്പിച്ച സ്ഥിതിയ്ക്ക് കോട്ട കാക്കാൻ മുതിർന്ന നേതാക്കളെയും യുവനിരയെയും കളത്തിലിറക്കുകയെന്ന അടവുതന്ത്രമായിരിക്കും പരീക്ഷിക്കുക. കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ എം.എൽ.എമാർ മണ്ഡലത്തിൽ സജീവമാകണമെന്നും ചിലർ വീണ്ടും മത്സരിക്കേണ്ടി വരും, ചിലർക്ക് ടിക്കറ്റ് കിട്ടുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റയാത്ര ഫെബ്രുവരി ആറിനാണ് കോഴിക്കോട് ജില്ലയിലെത്തുന്നത്. മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം. എന്നാൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സി.പി.എം ആരംഭിച്ചു കഴിഞ്ഞു.
മാറ്റമില്ലാതെ രണ്ടാമൂഴം
കേരള കോൺഗ്രസ് മാണി വിഭാഗം അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും കുറ്റ്യാടിയിൽ നിലവിലെ എം.എൽ.എ കെ.പി കുഞ്ഞമ്മദ് തന്നെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമെന്ന് ഉറപ്പായി. ബാലുശ്ശേരിയിൽ യുവ എം.എൽ.എ കെ.എം സച്ചിൻദേവിന് ഒരു അവസരം കൂടി ലഭിക്കും. തിരുവമ്പാടിയിൽ ലിന്റോ ജോസഫിന് തന്നെ രണ്ടാമൂഴം ലഭിക്കും. ബേപ്പൂരിൽ മന്ത്രി പി.എം മുഹമ്മദ് റിയാസ് പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
പ്രദീപ്കുമാർ വരുമോ, ടി.പി തുടരുമോ..?
ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായ തിരിച്ചടിയാണെന്ന കാര്യത്തിൽ സി.പി.എം ജില്ലാ നേതൃത്വത്തിന് തർക്കമില്ല. ഉറച്ച കോട്ടയായ പേരാമ്പ്രയിൽ യു.ഡി.എഫ് ലീഡ് നേടിയതും നോർത്തിൽ എൽ.ഡി.എഫിന്റെ ലീഡ് കുറഞ്ഞതും പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് പാർട്ടി തീരുമാനം. അങ്ങനെയെങ്കിൽ പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണന്റെ പേരിനാണ് മുൻതൂക്കം. നോർത്തിൽ മുൻ എം.എൽ.എ എ.പ്രദീപ്കുമാർ മത്സരിക്കണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. നിലവിലെ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ തുടരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാൽ ആരോഗ്യകാരണങ്ങളാൽ തോട്ടത്തിലിന് മത്സരിക്കാൻ താത്പര്യമില്ല. പ്രദീപ്കുമാർ കൂടി വരുന്നില്ലെങ്കിൽ നോർത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, മുൻ മേയർ ബീനാ ഫിലിപ്പ് എന്നിവരിലാർക്കെങ്കിലും നറുക്ക് വീണേക്കാം.
വനിത വരുമോ?
ജില്ലയിൽ ഒരു വനിതാ സ്ഥാനാർത്ഥി മത്സരിക്കണമെന്ന ആവശ്യം സി.പി.എമ്മിൽ ശക്തമാണ്. വയനാട്, മലപ്പുറം ജില്ലകളിൽ വനിതകളില്ലാത്തതിനാൽ കോഴിക്കോട് കൂടി വനിതയില്ലെങ്കിൽ അത് സി.പി.എമ്മിന്റെ സ്ത്രീപക്ഷ നിലപാടുകൾക്ക് തിരിച്ചടിയാവുമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുമുണ്ട്. അങ്ങനെയെങ്കിൽ കാനത്തിൽ ജമീലയുടെ ഒഴിവിൽ കൊയിലാണ്ടിയിൽ ബീനാ ഫിലിപ്പ്, വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി, മുൻ എം.എൽ.എ, കെ.കെ ലതിക എന്നിവരിലാരെങ്കിലും മത്സരിച്ചേക്കും. ബീനാ ഫിലിപ്പ് നോർത്തിലാണെങ്കിൽ കൊയിലാണ്ടിയിൽ ജില്ലാ കമ്മിറ്റി അംഗം കെ.പി അനിൽകുമാർ, വി.വസീഫ്, മുൻ എം.എൽ.എ കെ.ദാസൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |