
* ഏലൂർ പാതാളത്തെ പ്രമുഖ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവുമാർ തട്ടിയത് 24.99 ലക്ഷം
കൊച്ചി: കേരളത്തിലെമ്പാടും വിതരണ ശൃംഖലയുള്ള പ്രമുഖ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിന്റെ സ്റ്റോക്കിൽ തിരിമറി നടത്തി ജീവനക്കാർ തട്ടിയത്
24.99 ലക്ഷം രൂപ. മൂന്നു കൊല്ലമായി തുടർന്ന വെട്ടിപ്പ് വെളിച്ചത്തായത് അടുത്തിടെ നടന്ന ഓഡിറ്റിൽ. എറണാകുളം ജില്ലയിലെ 23 വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെട്ട ക്രയവിക്രയത്തിലാണ് ക്രമക്കേട് നടന്നത്.
ഏലൂർ പാതാളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിസ്ട്രിബ്യൂഷൻ സെന്ററിൽ 2000 ജീവനക്കാർ വിവിധ മേഖലകളിലായി പണിയെടുക്കുന്നു. ഇവരിൽ നാല് ഡിസ്ട്രിബ്യൂഷൻ സെയിൽസ് എക്സിക്യൂട്ടീവുമാരാണ് പണം തട്ടിയത്. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) ഇനത്തിൽപ്പെട്ട ചരക്കുകൾ വിതരണം ചെയ്യുന്ന സ്ഥാപനം കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് മാസം തോറും നടത്തുന്നത്. ഡയറക്ടർ ബോർഡിന് കീഴിലാണ് പ്രവർത്തനം.
ബില്ലടിക്കും, സാധനം ലഭിക്കില്ല
നാല് സെയിൽസ് എക്സിക്യൂട്ടീവുമാരും ആലുവ, വടക്കൻ പറവൂർ മേഖലകളിലെ മൊത്തവിതരണ കച്ചവടക്കാർക്ക് സ്റ്റോക്ക് വിതരണം നൽകാൻ ചുമതലപ്പെട്ടവരാണ്. ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിൽ നിന്ന് കടകളിലേക്ക് നൽകാനുള്ള സ്റ്റോക്ക് ഇവർ ബില്ലടിച്ച് കൈപ്പറ്റും. ഈ സ്റ്റോക്ക് ഒരിക്കലും ബില്ലിൽ പേരുള്ള വ്യാപാര സ്ഥാപനത്തിലെത്തില്ല. സാധനങ്ങൾ എക്സിക്യൂട്ടീവുമാർ മറ്റ് കടകൾക്ക് മറിച്ചു നൽകി പണം സ്വന്തം കീശയിലാക്കും. ആലുവ, വടക്കൻ പറവൂർ പട്ടണങ്ങളിലെയും കുറുമശേരി, കൊങ്ങോർപ്പിള്ളി, മുപ്പത്തടം, പുക്കാട്ടുപടി പ്രദേശങ്ങളിലെയും 18 മൊത്തക്കച്ചവടക്കാർക്ക് നൽകാനുള്ള സ്റ്റോക്കാണ് മറിച്ചത്. ഈയിനത്തിൽ 18.75 ലക്ഷം രൂപയുടെ തിരിമറി നടന്നു. ആലുവയിലെ വിക്റ്ററി സ്റ്റോറിന്റെ പേരിൽ ബില്ലടിച്ച 1.34 ലക്ഷം രൂപയുടെ സാധനങ്ങളും ഇതിൽപ്പെടും.
4.38 ലക്ഷത്തിന്റെ മരുന്ന് ആവിയായി
സ്ഥിരമായി സ്റ്റോക്ക് നൽകാറുള്ള കടകളിൽ നിന്ന് കൈപ്പറ്റിയ 1.69 ലക്ഷം ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിൽ അടക്കാതെയും തട്ടിപ്പ് നടത്തി. ആലുവയിലെ നാല് വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് പിരിച്ച തുകയാണിത്. ആലുവ മാർക്കറ്റിലെ ഒരു കടയിൽ നിന്ന് മാത്രം പിരിച്ചത് 1.39 ലക്ഷം രൂപയാണ്.
ഇതിനിടെ പാതാളത്തെ ഡിസ്ട്രിബ്യൂഷൻ സെന്ററിലേക്ക് വാങ്ങിയ 4.38 ലക്ഷം രൂപയുടെ മരുന്നും മറിച്ചുവിറ്റു. അങ്കമാലിയിലെ മൊത്തവിതരണ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്ന് വാങ്ങിയത്. ഈ മരുന്നുകൾ സ്ഥാപനത്തിലെത്തിയില്ല. മൂന്നു വിഭാഗങ്ങളിലുമായി 24.99 ലക്ഷം രൂപയാണ് തട്ടിയത്.
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
2023 മാർച്ച് മുതൽ 2026 ഫെബ്രുവരി വരെ തുടർച്ചയായി നടന്ന വെട്ടിപ്പ് പാലക്കാട് സ്വദേശിയുടെ നേതൃത്വത്തിൽ നടത്തിയ വിശദകണക്കെടുപ്പിലാണ് പുറത്തായത്. സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവുമാരായിരുന്ന വി.എസ്.ശങ്കർലാൽ, ജി.സുമേഷ് കുമാർ, ടി.ജി.ബിജു, പി.കെ.മുഹമ്മദ് എന്നിവരെ പ്രതികളാക്കി കേസെടുത്തതായി ഏലൂർ പൊലീസ് പറഞ്ഞു. വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന തുടങ്ങി ജാമ്യമില്ലാ വകുപ്പുകളും ചുമത്തി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നാലുപേരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |