
കോട്ടയം : ചൂട് വർദ്ധിച്ചതോടെ ജില്ലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നു. താഴ്‌ന്ന പ്രദേശങ്ങളിൽ പോലും ജലദൗർലഭ്യം അനുഭവപ്പെടുകയാണ്. പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി. കൊടൂരാർ, മണിമല, മീനച്ചിലാർ എന്നിവയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളും അവതാളത്തിലായി. 42 പഞ്ചായത്തുകളുടെയും കോട്ടയം,ഏറ്റുമാനൂർ, പാലാ, ഈരാറ്റുപേട്ട നഗരസഭകളിലെയും കുടിവെള്ളസ്രോതസാണ് മീനച്ചിലാർ. 15 കുടിവെള്ള സംഭരണികളും സ്ഥിതി ചെയ്യുന്നു. നിരവധി ചെക്കുഡാമുകളുമുണ്ടെങ്കിലും വറ്റിവരണ്ട് തുടങ്ങി. പട്ടർമഠം, പൂവത്തുംമൂട്, വെള്ളൂപറമ്പ്, പാലാ ശുദ്ധജല പദ്ധതികളെയും വരൾച്ച ബാധിച്ച് തുടങ്ങി. മണിമലയാറിന്റെ പല പ്രദേശങ്ങളിലും മണൽ പരപ്പ് മാത്രമായി. കിഴക്കൻ പ്രദേശമായ മുണ്ടക്കയം, പാറത്തോട് ഭാഗത്തെ കുടിവെള്ള വിതരണവും ഇതോടെ പ്രതിസന്ധിയിലായി. ഭൂഗർഭ ജലവിഭവ വകുപ്പിന് 25 ബോർവില്ലുകൾ ഉൾപ്പെടെ 46 കിണറുകളുണ്ട്. ഇതെല്ലാം പ്രധാന നദികളോട് ചേർന്നാണ്.
വണ്ടിയുള്ളവരെല്ലാം വെള്ളം കുടിപ്പിക്കും
കുടിവെള്ള ക്ഷാമം രൂക്ഷമായത് മുതലെടുക്കാൻ കുടിവെള്ള വിതരണ ലോബിയും സജീവമായി. 1000 ലിറ്റർ വെള്ളത്തിന് 300 രൂപയാണ്. ഗ്രാമ പ്രദേശങ്ങളിൽ 3000 ലിറ്റർ ജാറിൽ വിതരണം ചെയ്യുന്ന വെള്ളത്തിന് 1000 മുതൽ 1200 വരെ. എന്നാൽ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനയില്ല. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ജലവില്പന. എവിടെ നിന്നാണ് ശേഖരിക്കുന്നതെന്നോ, ഉപയോഗയോഗ്യമായ വെള്ളമാണോ എന്ന് കണ്ടെത്താനോ സംവിധാനമില്ല. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ കുടിവെള്ള വിതരണം നടത്താനാകൂ. പിക്കപ്പ് വാൻ, ഓട്ടോറിക്ഷ, ലോറി എന്നിവയിലാണ് വിതരണം.
വെള്ളമെത്തിയിട്ട് നാലാഴ്ച
നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചെട്ടിക്കുന്ന് മേഖലയിലെ പൈപ്പിൽ വെള്ളമെത്തിയിട്ട് നാലാഴ്ചയായി. കോട്ടയം നഗരസഭ 36,26 വാർഡുകൾ ഉൾപ്പെടുന്ന മറിയപ്പള്ളി ചെട്ടിക്കുന്ന് റേഷൻ കട റോഡ് ഭാഗങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ല. അമൃത് പദ്ധതിയ്ക്കായി സ്ഥാപിച്ച പൈപ്പുകളിൽ കണക്ഷൻ നൽകിയിട്ടില്ല.
''ജലവിതരണ പദ്ധതികൾ പലതുണ്ടെങ്കിലും കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമില്ല. വേനൽ ഇനിയും കഠിനമാകുന്നതിന് മുൻപ് തടസമില്ലാതെ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. (കോട്ടയം നഗരവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |