
പാലാ : ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടത്തിൽ വെള്ളവും വൈദ്യുതിയും എത്തി. ഇതോടെ ഓഫീസുകൾ എന്ന് വരുമെന്ന ചോദ്യമാണ് ഉയരുന്നത്. ജില്ലാ ഭരണകൂടം അനുവദിച്ച പണം മീനച്ചിൽ തഹസിൽദാർ വാട്ടർ അതോറിട്ടിയ്ക്ക് നൽകിയതിനെ തുടർന്നാണ് വാട്ടർ കണക്ഷന് നടപടിയായത്.
ഇത്രയും കാലം വൈദ്യുതിയും വെള്ളവും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവിടേയ്ക്കുള്ള ഓഫീസ് മാറ്റത്തിന് വിവിധ വകുപ്പുകൾ തടസവാദം ഉന്നയിച്ചത്. ഒരു മാസം മുൻപ് കളക്ടറും, റവന്യൂ അധികൃതരും വർഷങ്ങളായി അടഞ്ഞ് കിടന്ന മന്ദിരത്തിൽ എത്തി പരിശോധന നടത്തിയിരുന്നു. പുതുവർഷത്തിൽ ഓഫീസ് മാറ്റത്തിന് നടപടി ഉണ്ടാവും എന്ന് നാട്ടുകാർക്ക് ഉറപ്പു നൽകി. പൊതുമരാമത്ത് അധികൃതരെത്തി കാട് വെട്ടി തെളിച്ച് പരിസരവും വൃത്തിയാക്കി.
വർഷങ്ങളായി വാടകക്കെട്ടിടത്തിൽ
ലക്ഷങ്ങൾ വാടക കൊടുത്ത് പരിമിതമായ സൗകര്യങ്ങളോടെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാലാ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസാണ് ആദ്യം മാറ്റി സ്ഥാപിക്കേണ്ടത്. സർക്കാർ കെട്ടിടം ഉണ്ടായിരിക്കവെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കാൻ സർക്കാർ വകുപ്പുകൾക്ക് അനുമതി ഇല്ലാത്തതാണ്. ഇതു ലംഘിച്ചാണ് ഖജനാവിന് വലിയ ബാദ്ധ്യത വരുത്തി വർഷങ്ങളായി വാടക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നത്.
''അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായതോടെ ഇവിടേയ്ക്ക് സർക്കാർ ഓഫീസുകൾ മാറ്റി സ്ഥാപിക്കണം.
-ജയ്‌സൺ മാന്തോട്ടം, ആക്ഷൻ കൗൺസിൽ കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |