
നെയ്യാറ്റിൻകര: നൂറുകണക്കിന് ആളുകൾ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിക്കുന്ന നെയ്യാറ്റിൻകര മരുത്തൂർ തോട് മലിനമാകുന്നു. പനങ്ങാട്ടുകരയിലെയും പിരായുമൂട്ടിലേയും ഏലാകളിലെ കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്നത് മരുത്തൂർ തോടിലെ ജലമാണ്.
തോട് സംരക്ഷിക്കാത്തതിനാൽ മഴക്കാലത്ത് ശക്തമായ മഴയിൽ കരകവിഞ്ഞ് പാണൻവിള, പനങ്ങാട്ടുകരി പ്രദേശങ്ങളിൽ വെള്ളക്കെട്ട് സൃഷ്ടിക്കുന്നുമുണ്ട്. നഗരസഭാ അധികൃതർ പലപ്പോഴായി തോട് സംരക്ഷിക്കാൻ ബഡ്ജറ്റിൽ തുക നീക്കിവയ്ക്കാറുണ്ടെങ്കിലും ചെലവിടാറില്ല.
ജലം ഉപയോഗശൂന്യമാകുന്നു
തോട്ടിലെ പ്ളാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യാത്തതിനാൽ ജലം ഉപയോഗശൂന്യമായി മാറുകയാണ്. പലയിടത്തും കാടുംപടർപ്പുമേറി തോട്ടിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തുമ്പോട്ടുകോണം, പേഴൂർക്കോണം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച്, തേമ്പാമുട്ടത്തുവച്ച് ഒന്നിച്ചുചേർന്ന് തലയൽ തോടായി മാറി, ഒടുവിൽ നെയ്യാറിൽ പതിക്കുന്നതാണ് മരുത്തൂർ തോട്.
ഇനി എന്തു ചെയ്യാം
തോടിന്റെ ഇരുകരകളും അളന്ന് തിട്ടപ്പെടുത്തിയ ശേഷം കരിങ്കൽ മതിൽ കെട്ടിയടക്കാതെ പകരം വൃക്ഷങ്ങളും ഇല്ലിമുളം കാടുകളും വച്ചുപിടിപ്പിക്കുന്നത് ഇക്കോ ഫ്രണ്ട്ലിയായ പ്രവർത്തനമാണ്.
അന്തരീക്ഷത്തിലെ രൂക്ഷമായ മലിനീകരണത്തിന് ശമനമാണ് ധാരാളം ഓക്സിജൻ പുറത്തുവിടുന്ന മുളം കാടുകൾ. ഇവ കര ഇടിയാതെ സൂക്ഷിക്കും.
മാവുകളും പ്ലാവുകളും പോലുള്ള വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചാൽ ശുദ്ധമായ പഴവർഗങ്ങളും ലഭിക്കും. നഗരസഭക്ക് വരുമാനവുമാകും.
തോട്ടിലേക്ക് ഇറങ്ങാൻ പടവുകൾ പണിയുന്നത് ഗുണം ചെയ്യും.
സംരക്ഷണം തീർക്കാം
തോട് സംരക്ഷിക്കാനും തോട്ടിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാനും നാട്ടുകാരുടെ സംരക്ഷണസമിതിക്ക് രൂപം നൽകണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |