
ആലപ്പുഴ: തീരദേശ ജില്ലയായ ആലപ്പുഴയിലെ 90വർഷത്തിലധികം പഴക്കമുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടിയിട്ട് ഒരുവർഷം പിന്നിടുന്നു. സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. താത്കാലികമായാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തിയതെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇത് വീണ്ടും തുറക്കാൻ നടപടികളൊന്നുമുണ്ടായില്ല. ഇതോടെ ജില്ലയുടെ താപനില, മഴയുടെ ലഭ്യത എന്നിവയിൽ കൃത്യത ഉറപ്പാക്കാനാകുന്നില്ല. പ്രാദേശിക മുന്നറിയിപ്പുകൾക്ക് സൂക്ഷ്മതയും നഷ്ടപ്പെട്ടു.
ആലപ്പുഴ കടപ്പുറത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കീഴിലായിരുന്നു കേന്ദ്രത്തിന്റെ പ്രവർത്തനം. വേനൽക്കാലത്താണ് ഇതിന്റെ പ്രയോജനമേറെ ലഭിച്ചിരുന്നത്. ഇവിടെ നിന്നുള്ള വിവരങ്ങൾ കാർഷികമേഖലയ്ക്കും സഹായകരമായിരുന്നു. 1931ൽ കടപ്പുറത്തെ തുറമുഖവകുപ്പിന്റെ പഴയ സിഗ്നൽ സ്റ്റേഷനിലായിരുന്നു കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ നവംബറിൽ തുറമുഖവകുപ്പിന്റെ കെട്ടിടം പൈതൃകപദ്ധതിയിൽ മ്യൂസിയം പണിയുന്നതിനായി ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രം പൂട്ടിയത്. ഇതിനുശേഷം സ്വന്തമായി സ്ഥലം കണ്ടെത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശ്രമിച്ചിരുന്നു. തുറസായ സ്ഥലം ലഭിക്കാതെ വന്നതോടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചത്.
മ്യൂസിയം പണിയാൻ കെട്ടിടം ഒഴിപ്പിച്ചു
ആലപ്പുഴയിലെ കേന്ദ്രംകൂടി പൂട്ടിയതോടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്ലാത്ത ജില്ലകളുടെ എണ്ണം അഞ്ചായി
കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്ലാത്ത മറ്റ് ജില്ലകൾ
കേന്ദ്രം പൂട്ടിയതോടെ വർഷങ്ങളായി ജില്ലയിൽ നിന്ന് ലഭിച്ചിരുന്ന ഔദ്യോഗിക കാലാവസ്ഥ ഡാറ്റ ലഭിക്കുന്നില്ല
പ്രവർത്തിച്ചിരുന്ന സ്ഥലത്തിന് രണ്ടുകിലോമീറ്റർ ചുറ്റളവിൽ സ്ഥലം ലഭിക്കാതെ വന്നതാണ് തിരിച്ചടിയായത്. രണ്ടുജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്
കേന്ദ്രം ആരംഭിച്ചത്
1931ൽ
കാലാവസ്ഥ കാരണമുള്ള കൃഷിനാശത്തിനുള്ള ഇൻഷ്വറൻസ് ലഭിക്കാൻ ആവശ്യമായ രേഖകൾ ലഭ്യമാകുന്നത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നായിരുന്നു. കേന്ദ്രം പൂട്ടിയതോടെ ഇനി അത്തരം രേഖകൾക്ക് എവിടെ സമീപിക്കുമെന്നതിൽ വ്യക്തതയില്ല
- കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |