പാലോട്: മലയോര മേഖലകളിൽ വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടിയിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ വൈകുന്നു. ചികിത്സ തേടി കഴിയുന്നവരുടെ എണ്ണവും കുറവല്ല. പുലർച്ചെ തൊഴിലിനായി പുറത്തിറങ്ങുന്ന തൊഴിലാളികളെയാണ് കാട്ടുപോത്തും കാട്ടാനയും കാട്ടുപന്നിയും ആക്രമിക്കുന്നത്. വന്യമൃഗങ്ങൾ പകലും രാത്രിയും നിരത്തുകൾ കൈയടക്കിക്കഴിഞ്ഞു.
ഇടവം ജംഗ്ഷനു സമീപം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അശ്വിൻ,സനോജ് എന്നിവരെ കാട്ടുപോത്ത് ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്. അരശുപറമ്പ് സ്വദേശികളായ വിജിത്ത് കൃഷ്ണ, കണ്ണൻ എന്നിവരെ പന്നി ആക്രമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഇരുചക്രവാഹന യാത്രക്കാരനായ മങ്കയം റോഡരികത്തുവീട്ടിൽ ജിതേന്ദ്രനെ കാട്ടാന ഓടിച്ചത് ആഴ്ചചകൾക്ക് മുൻപാണ്. കാട്ടാന ആക്രമിച്ചുവെങ്കിലും ഇയാൾ അത്ഭുതകരമായാണ് രക്ഷപെട്ടത്.
ഇരകൾ നിരവധി
കാട്ടിടിലക്കുഴി കോളച്ചൽ, കൊന്നനമൂട് പ്രദേശങ്ങളിൽ ആനശല്യം രൂക്ഷമാണ്. ടാപ്പിംഗ് തൊഴിലാളിയായ ആലുങ്കുഴി സ്വദേശികളായ ദമ്പതികളെ പുലർച്ചെ 4.30 മണിയോടെ റബ്ബർ ടാപ്പിംഗിന് പോയപ്പോഴാണ് ഗ്ലോറി എന്ന വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചത്.സാമൂഹ്യ പ്രവർത്തകനായ ഉല്ലാസ് ആത്മമിത്രമെന്നയാളിനെ രാത്രി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരൻ സന്തോഷ്, തെന്നൂർ നെട്ടയം വിളയിൽ അനിൽകുമാർ, സജു എന്നിവരെയും കാട്ടുപന്നി ആക്രമിച്ചിരുന്നു. പെരിങ്ങമ്മല ബൗണ്ടർ ജംഗ്ഷനിൽ നിസാബീവിയെ പന്നി ആക്രമിച്ച് ഇപ്പോഴും ചികിത്സയിലാണ്.
കാട്ടുപന്നി ശല്യം
ക്യാമറകൾ മിഴി തുറന്നതോടെ ജവഹർ നവോദയ വിദ്യാലയത്തിന് സമീപത്തെ വനപ്രദേശത്തിലാണ് മാലിന്യം തള്ളുന്നവരുടെ കേന്ദ്രം. പകലും രാത്രിയിലും ഒരുപോലെയാണ് ഇവിടെ മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നിയുടെ ശല്യം. വാഹനയാത്രക്കാർ ഭീതിയോടെയാണ് ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്നത്.
കാട്ടുമൃഗശല്യം സഹിക്കാനാകാതെ
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വേങ്കൊല്ല പീലിക്കോട് ചതുപ്പ് സ്വദേശി ബാബുവിനെ കാട്ടാന ചവിട്ടിക്കൊന്നത്. പാലോട് വനംവകുപ്പ് ഓഫീസിനു സമീപത്താണ് വ്യാപാരിയായ പ്രശാന്തിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇതേ സ്ഥലത്തുതന്നെയാണ് നെടുമങ്ങാട് സ്വദേശികളായ സുനിൽകുമാർ, സ്മിത എന്നീ ദമ്പതികളെയും കാട്ടുപോത്ത് ഇടിച്ചിട്ടത്. ഭരതന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ അനാമികയെ കാട്ടുപോത്ത് ഓടിച്ച് പരിക്കേറ്റിരുന്നു. ഇലക്ട്രിസിറ്റി ജീവനക്കാരായ അരുൺ തോട്ടുംപുറത്തിനെയും സുരേഷിനെയും കാട്ടുപോത്ത് ഓടിച്ചിരുന്നു. കണ്ണൻകോട് ചന്ദ്രന്റെ കക്കൂസ് കുഴിയിൽ കാട്ടാന വീണിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ.
കഴിഞ്ഞ ഒരാഴ്ചയായി ഇടിഞ്ഞാർ മുത്തി കാണിമേഖലയിൽ പകൽ സമയങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |