
ആലപ്പുഴ : ജില്ലാ കോടതി പാലം നിർമ്മാണത്തെത്തുടർന്ന് ഗതാഗതതടസമൊഴിവാക്കാൻ, ആളുകൾ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സമീപ ഇടറോഡുകളിൽ ഗതാഗതം സുഗമമാക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് പരാതി.
നിലവിലുണ്ടായിരുന്ന ജില്ലാ കോടതി പാലം പുനർനിർമ്മിക്കുന്നതിനായി പൊളിക്കുന്നതിനു മുമ്പ് വാഹന ഗതാഗതം തിരിച്ചു വിടുന്നതിന്റെ ഭാഗമായി സമാന്തര ഇടവഴികൾ അടക്കമുള്ള തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയും മാർഗതടസങ്ങൾ മാറ്റിയും വൃക്ഷശിഖരങ്ങൾ വെട്ടിനീക്കിയും സഞ്ചാരം സുഗമമാക്കണമെന്ന് അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആരോപിച്ചു.
കിടങ്ങാംപറമ്പ് - ബോട്ട് ജെട്ടി ഇടറോഡ് അടക്കമുള്ളവയിലെ വിവിധതടസ്സങ്ങളാണ് പ്രധാനമായും ഒഴിവാക്കേണ്ടത്. മാസങ്ങളായി പൊട്ടിക്കിടക്കുന്ന ഭൂഗർഭ ജലവിതരണ കുഴൽ നന്നാക്കാത്തതിനാൽ ഇവിടെ എന്നും വെള്ളപ്പൊക്കമാണ്.
കോൺക്രീറ്റ് കട്ടകളും ലോഹപ്പാളികളും നീക്കണം
റോഡിന്റെ വശത്ത് കൂട്ടിയിട്ടിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട വസ്തുവകകൾ എല്ലാം നീക്കം ചെയ്യണം
മിനി സിവിൽ സ്റ്റേഷന് മുന്നിൽകൂട്ടിയിട്ടിരിക്കുന്ന ഉപേക്ഷിച്ച കല്ലും കോൺക്രീറ്റ് കട്ടകളും ലോഹപ്പാളികളും നീക്കം ചെയ്തിട്ടില്ല
കൃത്യമായ സൂചനാബോർഡുകൾ സ്ഥാപിക്കുകയും റോഡിലുള്ള പാർക്കിംഗ് നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്
അനധികൃത വഴിവാണിഭവും മാർഗതടസം സൃഷ്ടിക്കുന്ന ഏച്ചുകെട്ടലുകളും തൂണുകളും മറ്റും നീക്കം ചെയ്യണം
ഗതാഗതം സുഗമമാക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യത്തിൽ ഒരു നടപടിയും അധികൃതർ സ്വീകരിക്കാത്തതിനാൽ മറ്റുള്ള റെസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന് സമര മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും
- തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |