
തുറവൂർ : ദേശീയപാത നിർമാണത്തിനിടെ ചന്തിരൂരിൽ ഉയരപ്പാതയുടെ 148-ാം നമ്പർ തൂണിന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് വീണ്ടും പൊട്ടി. ചന്തിരൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് തകരാറിലായത്. ഇതോടെ ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി.
പമ്പിംഗ് പൂർണമായി നിർത്തിവയ്ക്കാൻ സാധിക്കാത്തതിനാൽ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കാൻ കഴിഞ്ഞില്ല. എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ നിർമ്മാണ കമ്പനി നേരിട്ട് ടാങ്കർ ലോറികളിലൂടെ കുടിവെള്ളമെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കോടംതുരുത്ത് നിന്ന് തെക്കോട്ടുള്ള പ്രദേശങ്ങളിൽ പമ്പിംഗ് തുടരുന്നതിനിടെ അറ്റകുറ്റപ്പണികൾ നടത്താനാണ് ശ്രമമെന്നും ജല അതോറിറ്റി വ്യക്തമാക്കി. പ്രധാന പൈപ്പായതിനാൽ കഴിവതും വേഗത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി 28-നകം എല്ലാ പഞ്ചായത്തുകളിലും ജലവിതരണം പൂർണമായും പുനരാരംഭിക്കും.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ദേശീയപാത വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി തകരാറിലാകുന്നതിനെ തുടർന്ന് അരൂർ–തുറവൂർ തീരമേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പല പ്രദേശങ്ങളിലും ആഴ്ചയിൽ മൂന്ന് ദിവസം വരെ കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവാണ്.
തീരമേഖലയിൽ കുടിവെള്ളക്ഷാമം
തീരമേഖലയിലെ നിരവധി കുടുംബങ്ങൾ പണം മുടക്കി കുടിവെള്ളം വാങ്ങി ഉപയോഗിക്കുകയാണ് ഇപ്പോൾ
കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റുന്നതിനുള്ള നടപടികൾ വൈകുന്നതും പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു
പൈപ്പിലെ ചെറിയ ചോർച്ചകൾ മാസങ്ങളോളം തുടരുന്ന സാഹചര്യം നിലനിൽക്കുന്നെന്നും പരാതിയുണ്ട്
പമ്പ് ചെയ്യുന്ന സമയങ്ങളിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നുണ്ട്. പ്രധാന പൈപ്പ് പൊട്ടുമ്പോൾ മാത്രമാണ് അടിയന്തര ഇടപെടൽ നടക്കുന്നത്
- പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |