കൊച്ചി: അതീവ ദുർബലാവസ്ഥയിലായ വൈറ്റിലയിലെ ആർമി ടവർ കെട്ടിടത്തിലെ ഒരാൾക്ക് മാത്രം മാറിതാമസിക്കാനുള്ള വാടകയും വീടുമാറ്റത്തിനുള്ള ചെലവും നൽകാനുള്ളതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. സി ടവറിലെ 101-ാം ഫ്ളാറ്റ് ഉടമയായ റിട്ട. കേണൽ സിബി ജോർജ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് കെ.നടരാജനും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. വൈറ്റില സിൽവർ സാൻഡ് ഐലന്റിൽ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) നിർമ്മിച്ച് ഏഴ് വർഷം മുമ്പ് കൈമാറിയ രണ്ട് 29 നില ടവറുകളിലെ 208 ഉടമകൾക്കും ആറ് മാസത്തെ വാടകയും 30000 രൂപ മാറി താമസിക്കാനും നൽകാനായിരുന്നു തീരുമാനം. എ.ഡബ്‌ള്യു.എച്ച്.ഒയ്ക്കും റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുമെതിരെ നിയമയുദ്ധം നടത്തിയ സിബി ജോർജിന് മാത്രം തുക നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് കേസ് ഉത്ഭവിച്ചത്. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന, അടിയന്തരമായി ഒഴിപ്പിക്കണമെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവുള്ള കെട്ടിടത്തിൽ സിബി ജോർജും കുടുംബവും മാത്രമാണ് താമസം.
സിബി ജോർജ് ഉൾപ്പടെയുള്ള സി ടവറിലെ എല്ലാ ഉടമകൾക്കും 35000 രൂപ വീതം ആറു മാസത്തെ വാടകയും 30000 രൂപ ചെലവും നൽകാൻ സെപ്തംബർ 10ന് ഹൈക്കോടതി ഉത്തരവായിരുന്നു. കോടതി അലക്ഷ്യ ഹർജി നൽകിയതിന് ശേഷമാണ് സിബി ജോർജിന് ഡിസംബർ 2ന് മൂന്നുമാസത്തെ വാടക മാത്രം നൽകിയത്. ബാക്കി വാടകയും മാറിതാമസിക്കാനുള്ള ചെലവും നൽകിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം. കേസ് ജനുവരി 30ന് വീണ്ടും പരിഗണിക്കും.
ഹൈക്കോടതി നിർദ്ദേശിച്ചതു പ്രകാരം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച് ഇവ പൊളിച്ചുമാറ്റി പുതിയ ടവറുകൾ നിർമ്മിച്ച് കൈമാറാനുള്ള ചുമതല. അത്രയും കാലം എ.ഡബ്‌ള്യു.എച്ച്.ഒ വാടക നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |