
കല്ലറ: കനത്ത ചൂടിൽ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിട്ടതോടെ,ക്ഷീരകർഷർ പ്രതിസന്ധിയിൽ. പാൽ ലഭ്യതയിലെ കുറവാണ് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. ദിവസം 20കിലോ പച്ചപ്പുല്ലെങ്കിലും ഒരു കറവപ്പശുവിന് വേണമെന്നാണ് മൃഗസംരക്ഷകർ പറയുന്നത്. തരിശിടങ്ങളിലെ തീപിടിത്തവും പച്ചപ്പുല്ലിന്റെ ലഭ്യതയിൽ കുറവ് വരുത്തുന്നു. പ്രതിസന്ധികളുടെ നടുവിൽ കാലിത്തീറ്റ വില ഒരു വർഷത്തിനിടെ 25 ശതമാനത്തോളമാണ് വർദ്ധിച്ചത്.കന്നുകാലികളെ വിറ്റഴിക്കാമെന്ന് കരുതിയാൽ വാങ്ങാനും ആളില്ല. ചൂട് കൂടിയതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റാവശ്യങ്ങൾക്കും വെള്ളമില്ലാത്ത അവസ്ഥയാണ്.
കാരണം
ഒരു കറവപ്പശുവിന് ഒരു ദിവസത്തേക്ക് ഏറ്റവും കുറഞ്ഞത് 250 ലിറ്റർ ശുദ്ധജലം വേണം. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കറവമാടുകളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയർപ്പും കൂടും. വേനൽക്കാലത്തുള്ള തീറ്റയുടെ അളവിൽ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുത്പാദനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ ഘടകങ്ങളായ കൊഴുപ്പ്,എസ്.എൻ.എഫ്,ലാക്‌റ്റോസ് എന്നിവയും കുറയുന്നു.
വേണം കരുതൽ
1. മാംസ്യത്തിന്റെയും ഊർജ്ജദായകമായ കൊഴുപ്പിന്റെയും അളവ് കൂട്ടണം,നാരിന്റെ അംശം കുറയ്ക്കണം. പരുത്തിക്കുരു,സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം
2.പച്ചപ്പുല്ലിന് പകരം പച്ചിലകൾ, ഈർക്കിൽ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം.
3. തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്,വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കണം.തൊഴുത്തിനു ചുറ്റും തണൽ മരങ്ങൾ വച്ചുപിടിപ്പിക്കുക. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുക, തൊഴുത്തിൽ ഫാനിടുക.
5. രാവിലെ 10 മുതൽ വൈകിട്ട് 5വരെ വെയിലത്ത് കെട്ടിയിടരുത്.ശുദ്ധജലം യഥേഷ്ടം കുടിക്കാൻ കൊടുക്കണം.
6.മറ്റു സമയങ്ങളിൽ നൽകുന്ന വെള്ളത്തിന്റെ അളവിൽ ഒന്നു മുതൽ രണ്ട് മടങ്ങുവരെ വർദ്ധിപ്പിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |