
ആലപ്പുഴ: ആലപ്പുഴ ജില്ലക്കോടതി പാലം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് എം.എൽ.എമാരായ പി.പി.ചിത്തരഞ്ജനും എച്ച്. സലാമും പറഞ്ഞു. സ്ഥലം സന്ദർശിച്ച് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. നിലവിൽ 35 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്. ബോട്ട് ജെട്ടിയുടെ നീളം വർദ്ധിപ്പിച്ചതാണ് കാരണം 169 പൈലുകളായിരുന്നത് 171ആക്കിയിട്ടുണ്ട്.
ഇതിൽ 110 പൈലുകൾ പൂർത്തിയായി. 168 ഗർഡറുകളിൽ 28 എണ്ണവും പൂർത്തിയായി. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറുമാണ് നിർമ്മാണം. അപ്രോച്ച് റോഡ് ഭിത്തി വേഗത്തിലാക്കാനും തീരുമാനിച്ചു. കച്ചവടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയിൽ വേണം ഇത് പൂർത്തിയാക്കാനെന്നും എം.എൽ.എമാർ നിർദ്ദേശിച്ചു. പാലത്തിന്റെ നിർമ്മാണച്ചെലവ് വർദ്ധിച്ചിട്ടുണ്ട്. 120 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. ഇതിന്റെ ആകെ തുകയിൽ 10 ശതമാനം കൂടി വർദ്ധിച്ചേക്കും. ബോട്ട് ജെട്ടി നിർമ്മാണത്തിന്റെ രൂപ രേഖയിൽ നിന്ന് 18 മീറ്റർ കൂടി വർദ്ധിപ്പിച്ചതും മത്സ്യകന്യക ശില്പം പൊളിച്ച ചെലവും ഉൾപ്പടെയാണിത്.
താത്കാലിക പാലം ഉടൻ പൊളിക്കും
1.കോടതിപാലത്തിന് സമീപം നിർമ്മിച്ച താത്കാലിക നടപ്പാലം ഉടൻ പൊളിച്ചുമാറ്റും.എങ്കിൽ മാത്രമേ പാലത്തിന്റെ നിർമ്മാണം പൂർണതോതിൽ നടപ്പിലാകൂ
2.കിടങ്ങാംപറമ്പ്, മുല്ലക്കൽ ചിറപ്പ്, പുതുവത്സരാഘോഷം എന്നിവയ്ക്ക് വേണ്ടിയാണ് താത്കാലിക പാലം നിർമ്മിച്ചത്. അടുത്ത ദിവസങ്ങളിൽ ഇത് പൊളിക്കുന്ന ജോലികൾ ആരംഭിക്കും
3. റോഡിന്റെ ഭിത്തി ഉയരുന്നതിന് അനുസരിച്ച് ഔട്ട്‌പോസ്റ്റ്- വൈ.എം.സി.എ റോഡ് അടയ്ക്കും.മൂന്ന് മാസത്തിനുള്ളിൽ അടയ്ക്കാനാണ് സാദ്ധ്യത
4.പാലത്തിന് സമീപമുള്ള കബീർ പ്ലാസക്ക് മുന്നിലൂടെയാണ് അപ്രോച്ച് റോഡ് കടന്നു പോകുന്നത്. ഇവിടത്തെ സ്ഥാപനങ്ങളിലേക്ക് പോകുന്നതിന് താത്കാലിക വഴി ഒരുക്കും
കുടിവെള്ളം പാഴാകുന്നു:
ശാസിച്ച് എം.എൽ.എമാർ
മുല്ലക്കൽ ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിനിടെ പൊട്ടിയ പൈപ്പ് ഉടൻ നന്നാക്കണമെന്ന് വാട്ടർ അതോറിട്ടിക്ക് എം.എൽ.എമാർ നിർദ്ദേശം നൽകി. കഴിഞ്ഞ10 ദിവസമായി ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. കെ.ആർ.എഫ്.ബി അധികൃതർ പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല.വെള്ളം പഴകുന്നത് ഇന്നാണ് എം.എൽ.എമാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാട്ടർ അതോറിട്ടിയിൽ നേരിട്ട് വിളിച്ചു പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നിർദ്ദേശിക്കുകയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |