തിരുവനന്തപുരം: രാത്രികാലങ്ങളിൽ യുവാക്കളുടെ നിയന്ത്രണം ലംഘിച്ചുള്ള മരണപ്പാച്ചിലിൽ നഗരത്തിൽ അപകടങ്ങൾ വർദ്ധിപ്പിക്കുന്നെന്ന് പരാതി. അർദ്ധരാത്രിയിൽ ഇരുചക്ര വാഹനങ്ങളിൽ യുവാക്കൾ നടത്തുന്ന അഭ്യാസപ്രകടനങ്ങളും സ്റ്റണ്ട് ഡ്രൈവിംഗും ബൈക്ക് റേസിംഗുമെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നെന്നും റോഡിലൂടെ ഭയത്തോടെയാണ് സഞ്ചരിക്കുന്നതെന്നും കാൽനടയാത്രക്കാർ പറയുന്നു.
പേട്ടയിൽ രണ്ടാഴ്ചയ്ക്കിടെ രാത്രിയിൽ മൂന്നോളം അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ്, ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും നാട്ടുകാരും രംഗത്തെത്തിയിരിക്കുന്നത്.
ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഇരപ്പിച്ചെത്തി അഭ്യാസം കാട്ടുന്നവർ കാൽനടയാത്രക്കാരെ മാത്രമല്ല, രാത്രിയിൽ വാഹനങ്ങളുമായി എത്തുന്നവരെയും ഭീതിയിലാഴ്ത്തുന്നുണ്ട്.
ലാ കോളേജ്,വരമ്പശ്ശേരി കുന്നുകുഴി,മിരാന്റ് റോഡ് എന്നിവിടങ്ങളിൽ അർദ്ധരാത്രികളിൽ ബൈക്ക് റേസിംഗ് നടക്കുന്നതായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കോവളം - കഴക്കൂട്ടം ബൈപ്പാസിലും മെയിൻ റോഡുകളിലും മാത്രമല്ല, ഇടറോഡുകളിലും ഉൾവഴികളിലും വരെ നിയന്ത്രണമില്ലാതെ ഈ അഭ്യാസപ്രകടനങ്ങൾ നടക്കുന്നുണ്ട്.
ഇവരിൽ ഭൂരിഭാഗവും മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ ആണ് പ്രകടനം നടത്തുന്നതെന്നും ഇതാണ് അപകടത്തിന് കാരണമാകുന്നതെന്നും പൊലീസ് പറയുന്നു. ചിലർ സോഷ്യൽ മീഡിയയിൽ വൈറലാകാൻ റീൽസെടുക്കുന്നതിന് കാണിക്കുന്ന സ്റ്റണ്ടുകളും അപകടങ്ങൾ കൂട്ടുന്നുണ്ട്.
ഇതിനെതിരെ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത്തരം പ്രവണതകൾ വർദ്ധിക്കുന്നെന്നാണ് പൊലീസ് പറയുന്നത്.വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി,റേസിംഗ് വാഹനങ്ങൾ പിടിച്ചെടുക്കാറുണ്ട്. എന്നിരുന്നാലും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ ബോധവത്കരണം ശക്തമാക്കണമെന്നും പൊലീസ് പറയുന്നു.
അപടങ്ങൾ പെരുകുന്നു
അപകടങ്ങൾ കൂടുതലും രാത്രി 10നുശേഷം
അപകടത്തിൽപ്പെടുന്നതിലേറെയും അമിത വേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങൾ
റോഡുകളിൽ മതിയായ ലൈറ്റിംഗ് ഇല്ലാത്തത് അപകടക്കെണി
ശബ്ദം കൂടിയ മോഡിഫൈഡ് സൈലൻസറുകളുടെ ഉപയോഗം വ്യാപകം
റീൽസിനായും പ്രകടനം
ബോധവത്കരണം ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |