തിരുവാങ്കുളം: സ്കൂൾവളപ്പിൽനിന്ന് ലഭിച്ച ഒന്നര പവനിലധികം തൂക്കമുള്ള സ്വർണമാലയും താലിയും അദ്ധ്യാപകരെ ഏൽപ്പിച്ച് നാലാം ക്ലാസ് വിദ്യാർത്ഥികൾ മാതൃകയായി. മാമല കക്കാട് എസ്.എൻ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളായ ആദുദേവ് വിഷ്ണു, ടി.സി. ആരുഷൻ, എം.എൽ. ആദിത്യൻ എന്നിവർക്കാണ് കായിക പരിശീലനത്തിനിടയിൽ മാല ലഭിച്ചത്. ഇന്നലത്തെ ചടങ്ങിൽ സ്കൂൾ പാചകത്തൊഴിലാളി സീനയ്ക്ക് മാല കൈമാറി.
കുട്ടികൾ മാല അദ്ധ്യാപികയായ സുഷമയെ ഏൽപ്പിച്ചതിനെത്തുടർന്ന് ഉടമസ്ഥരെ കണ്ടെത്താൻ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. സ്കൂളിലെത്തിയ രക്ഷകർത്താക്കളെ കണ്ട് ഉടമസ്ഥരാണോ എന്നറിയാൻ ആകാംക്ഷയോടെ സ്റ്റാഫ് റൂമിലേക്ക് ഓടിയെത്തിയിരുന്ന സീന, വൈകുന്നേരമാണ് സ്വന്തം മാലയാണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അടയാളസഹിതം അദ്ധ്യാപികയെ സമീപിക്കുകയായിരുന്നു.
പ്രധാന അദ്ധ്യാപിക ഇൻ ചാർജ് രാജി രാമകൃഷ്ണൻ, സ്കൂൾ മാനേജർ കെ.വി. സുധൻ, പി.ടി.എ പ്രസിഡന്റ് അംബീഷൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മാല തിരിച്ചുനൽകിയത്. സത്യസന്ധത പുലർത്തിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |