* അവകാശികൾക്കായി അന്വേഷണം തുടങ്ങാൻ റെയിൽവേ പൊലീസ്
കൊച്ചി: അമ്മയെ തിരക്കി പട്ന എക്സ്‌പ്രസിലെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരൻ. പെരുമ്പാവൂർ പുല്ലുവഴി ജ്യോതിഭവനിൽ കഴിയുന്ന കുഞ്ഞ് അഭയകേന്ദ്രത്തിലെ ജീവനക്കാരികളോട് ഇടയ്‌ക്കിടെ‘അമ്മ’ എന്ന് അവ്യക്തമായി പറയുന്നുണ്ട്. ഇതോടെ കുഞ്ഞിന് തമിഴ്നാട്, കേരള പശ്ചാത്തലമുണ്ടെന്ന സംശയം ശക്തമായി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഇന്നലെ ജ്യോതിഭവനിൽ എത്തിയ റെയിൽവേ പൊലീസും ഇതേ നിഗമനത്തിലാണ്. കുട്ടിയെ കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും ആരും അവകാശവാദം ഉന്നയിച്ച് എത്താത്തതിനാൽ എറണാകുളം റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ ചിത്രം ഉൾപ്പെടെ ക്രൈംകാർഡ് ഇന്നലെ പുറത്തിറക്കി.
അഭയകേന്ദ്രത്തിലെ കെയർടേക്കർമാരായ സ്ത്രീകളോടും മറ്റ് കുട്ടികളോടും രണ്ട് വയസുകാരൻ ഇടപഴകുന്നുണ്ട്. ഇതിനിടെയാണ് അമ്മ എന്ന് പലതവണ പറഞ്ഞത്. കേരള വിഭവങ്ങളോടും കുട്ടി താത്‌പര്യം കാട്ടുന്നുണ്ട്. ആദ്യദിവസങ്ങളിൽ കുഞ്ഞ് ആരോടും സംസാരിച്ചിരുന്നില്ല. ഇപ്പോൾ സദാസമയവും കളിപ്പാട്ടങ്ങൾക്കൊപ്പമാണ്. നല്ലവണ്ണം ഭക്ഷണം കഴിക്കുന്നുണ്ട്. ഹിന്ദി ഭാഷയിലുള്ള സംസാരത്തോട് പ്രതികരിക്കുന്നില്ല. തുടർന്നാണ് കുഞ്ഞ് ദക്ഷിണേന്ത്യയിൽ നിന്നാകാമെന്ന് ജ്യോതിഭവൻ ജീവനക്കാർ സംശയം പ്രകടിപ്പിച്ചത്. ഇന്നലെ ഇവിടെയെത്തിയ എറണാകുളം റെയിൽവേ എസ്.ഐ ഇ.കെ അനിൽകുമാറും സംഘവും ഇതുൾപ്പെടെ വിവരങ്ങൾ പരിശോധിക്കുന്നു.
കഴിഞ്ഞ 17നാണ് കുട്ടിയെ ട്രെയിനിലുണ്ടായിരുന്ന യുവാക്കൾ ആലുവ ആർ.പി.എഫിന് കൈമാറിയത്. പട്നയിൽ നിന്ന് എറണാകുളത്തേക്ക് വന്ന ട്രെയിൻ ഉച്ചയ്‌ക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കുഞ്ഞ് തനിച്ചാണെന്ന കാര്യം യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുഞ്ഞിനൊപ്പം സഞ്ചരിച്ച അന്യസംസ്ഥാനക്കാർ തൃശൂർ സ്റ്റേഷനിൽ ഇറങ്ങിയിരുന്നു. കാണാതാകുന്ന കുട്ടികളെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ദേശീയ മിസിംഗ് പോർട്ടലിൽ ഉൾപ്പെടെ ഫോട്ടോ സഹിതം കുഞ്ഞിനെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടും ഇതേവരെ ആരും അന്വേഷിച്ച് വന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |