
തിരക്കേറിയ ജീവിതത്തിൽ നിന്നുള്ള വലിയ ആശ്വാസമാണ് വിവിധ നാടുകളിലേക്കുമുള്ള യാത്രകൾ. കാറിലോ ബൈക്കിലോ എല്ലാം വിനോദസഞ്ചാരത്തിന് പോകുന്നത് പലരുടെയും ഇഷ്‌ടവിനോദവുമാണ്. ഇക്കൂട്ടത്തിൽ വ്യത്യസ്‌തതകൾ തേടുന്നവർക്കുള്ളതാണ് കാരവാനുകൾ. ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപാണ് കാരവാനുകൾ ലോകമാകെ വന്നുതുടങ്ങിയത്. വിലക്കുറവിൽ അവധിക്കാലം ആസ്വദിക്കാം എന്നതാണ് കാരവാനുകളെ ജനപ്രിയമാക്കുന്നത്. ഒരു അടുക്കളയും കിടപ്പുമുറിയും കാഴ്‌ച ആസ്വദിക്കാനുള്ള സൗകര്യവുമെല്ലാം വളരെ ചെറിയ സ്‌പേസിൽ ഒരുക്കുന്നതാണ് കാരവാനുകൾ. നൂറ്റാണ്ടിനിടയ്‌ക്ക് വളരെ കുറച്ച് മാറ്റങ്ങളേ കാരവാനുകൾക്ക് സംഭവിച്ചിട്ടുള്ളൂ. കാറുകളിലും മറ്റും ഘടിപ്പിക്കുന്ന കാരവാനുകൾ ബ്രിട്ടണിൽ 1919ലാണ് നിലവിൽ വന്നത്.
മാറ്റങ്ങളൊന്നുമില്ലാത്ത കാരവാനുകൾ
യുകെയിലെ വെയിൽസിലുള്ള ഡിസൈനർ ക്രെയ്‌ഗ് ലെഡ്‌വാർഡ്‌സ് കാരവാനുകൾക്ക് ഒരു മാറ്റംകൊണ്ടുവരാൻ പരിശ്രമിക്കുകയാണ്. 'കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ കാരവാനുകൾക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. അവയ്‌ക്ക് എല്ലായ്‌പ്പോഴും ഒരു ശൈലി തന്നെയാണ്. ഇൻസുലേഷൻ ഇല്ലാത്ത ഘനീഭവിച്ച ഈർപ്പമടങ്ങിയ ഗന്ധം ഉള്ളിൽ നിന്നുമുണ്ടാകും.' ക്രെയ്‌ഗ് ലെഡ്‌വാർഡ്‌സ് പറയുന്നു. 'പക്ഷെ ഇത് തികച്ചും വ്യത്യസ്‌തമാണ്. ഒരു ആഡംബര ഹോട്ടലിൽ പ്രവേശിച്ചത് പോലെയാണ് ഇതിൽ കയറിൽ തോന്നുക.' അദ്ദേഹം കൂട്ടിച്ചേർത്തു.

ആഡംബര ഹോട്ടൽ പോലെ കാരവാൻ
ആഡംബര ഹോട്ടലുകളിൽ പ്രവേശിക്കുന്നത് പോലെ കീകാർഡുകൾ ഉപയോഗിച്ച് ഉള്ളിലേക്ക് പ്രവേശിക്കാം. കീ കാർഡ് ഘടിപ്പിക്കുന്നതോടെ കറന്റ് ഓണാകും. ഉള്ളിൽ മാർബിൾ കൊണ്ടുള്ള ബാത്ത്‌റൂമും ആർഭാടമേറിയ പ്രൊജക്‌ടറുള്ള സീലിംഗും എല്ലാമുണ്ട്. ചുമരുകൾ ഗ്ളാസുകൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. പുറമേയ്‌ക്ക് ചെറിയ ബാൽക്കണികളുണ്ട്. രാത്രികാലങ്ങളിൽ നക്ഷത്രങ്ങൾ കണ്ടുകൊണ്ട് കിടക്കാൻ റൂഫ്‌ടോപ്പ് ജനാലകളും സ്ഥാപിച്ചിട്ടുണ്ട്.
ലെഡ്‌വാർഡ്‌സിന്റെ ഈ ഐഡിയയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിദഗ്ദ്ധർ ഇത് ഏറെ വിശേഷപ്പെട്ട രൂപകൽപ്പനയാണ് എന്ന് പ്രശംസിക്കുന്നു. നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്‌പെയർ പാർട്ടുകളുടെ ലഭ്യതയനുസരിച്ചാകും ഇതിന്റെ വിജയം എന്ന് ബ്രിട്ടണിലെ നാഷണൽ കാരവാൻ കൗൺസിൽ അഭിപ്രായപ്പെടുന്നു. എന്നാൽ 'ചൈനയിൽ നിന്നും ഇറക്കുമതി ചെയ്‌ത പുതിയ ഡിസൈനുകൾ, പുത്തൻ സ്റ്റൈലിംഗും ലേഔട്ടുമെല്ലാം പ്രത്യേകതരം പ്രേക്ഷകരെ ആകർഷിക്കും' എന്ന് കൗൺസിൽ പറയുന്നു.
50 വർഷം ആയുസ്
ഇത്തരത്തിൽ കാരവാൻ ഒക്‌ടോബർ മാസത്തിലാണ് ആദ്യമായി തയ്യാറാക്കിയത്. ചൈനീസ് കമ്പനികളിൽ നിന്നുള്ള ഗാൽവനൈസ്‌ഡ് സ്റ്റീൽ ഫ്രെയിമും അലുമിനിയം പാനലുകളുമുപയോഗിച്ച് നിർമ്മിച്ച ഈ കാരവാൻ പാനലുകൾക്ക് സാധാരണ കാരവാനുകളുടെ അത്ര സ്ഥലംതന്നെയേ വേണ്ടിവരൂ. വർഷം മുഴുവൻ ഇവ ഉപയോഗിക്കാനാകും. 'ഒരു സാധാരണ കാരവാന് പരമാവധി ആയുസ് 10 മുതൽ 15 വർഷം വരെയാണ്. എന്നാൽ ഇവയ്ക്ക് 50 വർഷമാണ് ആയുസ്.' ക്രെയ്‌ഗ് ലെഡ്‌വാർഡ്‌സ് വ്യക്തമാക്കുന്നു. പരമാവധി 35,000 യൂറോയാണ് ഇവയ്ക്ക് വിലവരുക.

1919ൽ നിർമ്മിച്ച കാരവാനുകൾ ആവശ്യക്കാർക്ക് കാറിൽ ബന്ധിപ്പിക്കാവുന്ന തരമായിരുന്നു. ഇവ നിലവിൽ വന്ന് ഏറെ നാളുകൾക്ക് ശേഷമാണ് കാരവാനുകളിൽ ടോയ്‌ലറ്റ്, ഷവർ, അടുക്കള തുടങ്ങിയ സൗകര്യങ്ങളൊക്കെയുണ്ടായത്. പിന്നീട് ഒരു നൂറ്റാണ്ടോളം കാലം കാര്യമായ ഡിസൈൻ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഈ പതിവിനാണ് ഇപ്പോൾ മാറ്റം ഉണ്ടാകുന്നത്.
നിലവിൽ പുതിയ തരം ആർഭാട കാരവാനുകൾക്ക് വിദേശരാജ്യത്ത് നിന്നുപോലും ആവശ്യക്കാർ ഉണ്ടാകുന്നുണ്ടെന്ന് ലെഡ്‌വാർഡ്‌സ് പറയുന്നു. ഓസ്‌ട്രേലിയയിൽ നിന്നും ഇത്തരം കാരവാന് ഓർഡർ വന്നു. അത് ചെയ്‌ത് നൽകി. പുതിയ ആർഭാട കാരവാനുകൾ ഡിസൈനിൽ മികച്ചതെന്ന് പറയുമ്പോഴും ചില പോരായ്‌മകൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. നന്നായി ഇൻസുലേഷൻ ചെയ്‌തവയെങ്കിലും തണുപ്പുകാലത്ത് ഇവയിലെ എല്ലാ മോഡലുകളും ഉള്ളിൽ ചൂട് നിലനിർത്തില്ല എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |