
മത്സ്യ, സുഗന്ധവ്യഞ്ജന, കയർ മേഖലകൾക്ക് കരുത്താകും
കൊച്ചി: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി ഒപ്പുവയ്ക്കാനൊരുങ്ങുന്ന സ്വതന്ത്ര വ്യാപാര കരാർ കേരളത്തിലെ പരമ്പരാഗത, കാർഷിക വ്യവസായ മേഖലകൾക്ക് വൻ നേട്ടമാകും. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയിൽ പ്രതിസന്ധിയിലായ സമുദ്രോത്പന്ന, കയർ, സുഗന്ധ വ്യഞ്ജന, ടെക്‌സ്റ്റൈയിൽ തുടങ്ങിയ മേഖലകൾക്ക് വിപണി വികസിപ്പിക്കുന്നതിനും തിരിച്ചടി മറികടക്കുന്നതിനും പുതിയ വ്യാപാര കരാർ അവസരമൊരുക്കും.
ഇന്തോനേഷ്യ, വിയറ്റ്‌നാം, ശ്രീലങ്ക, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഉത്പന്നങ്ങളുമായി ശക്തമായ മത്സരിക്കാൻ കേരളത്തിലെ കയറ്റുമതിക്കാർക്ക് കഴിയും. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയിൽ 7,500 കോടി ഡോളറിന്റെ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കരാറിന്റെ പ്രയോജനം ലഭിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ സമുദ്രോത്പന്ന, കയർ, ടെക്‌സ‌്റ്റൈയിൽ കയറ്റുമതിക്കാർക്ക് യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ നാമമാത്രമായ തീരുവയോടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കരാർ വഴിയൊരുക്കും. ഇടുക്കി, വയനാട് കർഷകർക്കും മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
വിപുലമായ നേട്ടങ്ങൾ
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങി 12 സംസ്ഥാനങ്ങളിലെ കയറ്റുമതിക്കാർക്ക് വ്യാപാര കരാർ വിപുലമായ അവസരങ്ങൾ തുറന്നിടും. ചെറുകിട ഇടത്തരം സംരംഭങ്ങൾ മുതൽ പരമ്പരാഗത തൊഴിലാളികൾക്കും കർഷകർക്കും കരാറിലൂടെ വൻ നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പഠനത്തിനും തൊഴിൽ തേടിയും യൂറോപ്പിലേക്ക് ചേക്കേറാൻ നടപടി ക്രമങ്ങൾ ലളിതമാകും.
യൂറോപ്പിന് വലിയ അവസരം
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയാണ് കരാറിലൂടെ യൂറോപ്യൻ രാജ്യങ്ങൾക്ക് തുറന്ന് കിട്ടുന്നത്. പ്രീമിയം കാറുകളും സ്കോച്ച് വിസ്കിയും പ്രീമിയം യൂറോപ്യൻ വൈനും ശിതീകരിച്ച ഭക്ഷ്യ ഉത്പന്നങ്ങളും ഇന്ത്യയിൽ കുറഞ്ഞ വിലയിൽ വിൽക്കാൻ യൂറോപ്യൻ കമ്പനികൾക്ക് അവസരമൊരുങ്ങും.
തീരുവ ഇളവ് ലഭിക്കുന്ന കേരള ഉത്പന്നങ്ങൾ
സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, തേയില, കുരുമുളക്, കാപ്പി, തുണിത്തരങ്ങൾ, കയർ, കശു അണ്ടി, സ്വർണാഭരണങ്ങൾ
കയറ്റുമതിക്കാർ പ്രതീക്ഷിക്കുന്ന അധിക നേട്ടം
6.4 ലക്ഷം കോടി രൂപ
നിലവിൽ ഇന്ത്യയുടെ യൂറോപ്യൻ കയറ്റുമതി
6.97 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |