
ഇന്ത്യ കയറ്റി ചെയ്യുന്ന 97 %ഉത്പന്നങ്ങളുടെയും തീരുവ കുറയും
യൂറോപ്പിൽ നിന്നുള്ള കാറുകളുടെയും വില കുറയും
ന്യൂഡൽഹി: അമേരിക്കൻ ആശ്രയത്വം കുറച്ച് കയറ്റുമതി വിപണി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറിന് യൂറോപ്യൻ യൂണിയനും ഇന്ത്യയും ധാരണയിലെത്തി.
18 വർഷത്തിലധികം നീണ്ട ചർച്ചകളിലൂടെ തയ്യാറാക്കിയ കരാർ നടപ്പാകുന്നതോടെ ,യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന 97 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങളുടെയും തീരുവ കുത്തനെ കുറയും. യൂറോപ്പിൽ നിന്നെത്തുന്ന കാറുകൾ, ചോക്ക്ലേറ്റ്, വൈൻ തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ വിലയും കുറയും.
ഡൽഹിയിൽ ഇന്നലെ നടന്ന 16ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് 'കരാറുകളുടെ മാതാവെന്ന് വിശേഷിപ്പിക്കുന്ന വ്യാപാര പങ്കാളിത്തത്തിന് അന്തിമ രൂപമായത്. രാജ്യത്തെ വ്യാപാര ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പും നാഴികക്കല്ലുമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയനും സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി. ഈ വർഷം അന്തിമ കരാർ ഒപ്പിട്ടേക്കും. അടുത്ത വർഷമാദ്യം പ്രാബല്യത്തിലാകും.
അമേരിക്ക ഏർപ്പെടുത്തിയ 50 % തീരുവ പ്രതിസന്ധിയിലാക്കിയ ഇന്ത്യക്ക് പുതിയ കരാർ ഊർജ്ജമാകും. ടെക്സ്‌റ്റയിൽസ്, ലെതർ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കയർ, തേയില,റബർ, ജെം ആൻഡ് ജുവലറി തുടങ്ങിയവയുടെ തീരുവ പൂർണമായി യൂറോപ്യൻ യൂണിയൻ പത്ത് വർഷത്തിനുള്ളിൽ ഒഴിവാക്കും. സോയ, ബീഫ്, പഞ്ചസാര, അരി, ക്ഷീരോത്പന്നങ്ങൾ എന്നിവയെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ വില
കുറയുന്നവ
□മുപ്പതിലധികം യൂറോപ്യൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും. മെഷിണറി(44 % ), എയർക്രാഫ്‌റ്റ്(11 %), സർജിക്കൽ ഉപകരണങ്ങൾ(27 %) തുടങ്ങിയവയുടെ തീരുവ ഭാവിയിൽ പൂർണമായും ഒഴിവാകും.
□മരുന്നുകളുടെ തീരുവ ഇല്ലാതാകും.
□നിലവിൽ 150 ശതമാനമുള്ള പ്രീമിയം റേഞ്ച് വൈനിന്റെ തീരുവ 20 ശതമാനവും മീഡിയം റേഞ്ചിന്റെ തീരുവ 30 ശതമാനവുമായി കുറയും.
□മദ്യത്തിന്റെ തീരുവ 150ൽ നിന്ന് 40 ശതമാനമാകും. ബിയറിന്റെ തീരുവ 110ൽ നിന്ന് 50 ശതമാനമാകും.
വാഹന തീരുവ
ഘട്ടങ്ങളായി കുറയും
□. പ്രതിവർഷം 2.5 ലക്ഷം യൂറോപ്യൻ നിർമ്മിത വാഹനങ്ങൾ ഇന്ത്യയിലെത്തും. 25 ലക്ഷത്തിന് മുകളിലുള്ള ആഢംബര കാറുകളുടെ തീരുവ 110%ൽ നിന്ന് ഘട്ടങ്ങളായി 10 ശതമാനമാക്കും. പ്രീമിയം യൂറോപ്യൻ കാർ ബ്രാൻഡുകൾ കൂടുതലായി ഇന്ത്യയിലെത്തും.
□മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ, മാരുതി സുസുകി ഇന്ത്യ തുടങ്ങിയ ഇന്ത്യൻ കാർ നിർമ്മാണ കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഇറക്കുമതി ഇളവ് നൽകും.
□ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്കുള്ള തീരുവ 10 വർഷത്തിനുള്ളിൽ ഒഴിവാക്കും.
□ഒലിവ് എണ്ണ,ഫ്രൂട്ട് ഡ്രിങ്ക്സ്,നോൺ ആൽക്കഹോളിക് ബിയർ എന്നിവയ്‌ക്ക് വില കുറയും
□മദ്യത്തിന് 40%, ബിയറിന് 50% താരിഫ്
□യു.കെ കരാറിന്റെ ഭാഗമല്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |