
ന്യൂഡല്‍ഹി: രാജ്യത്തെ ആസിഡ് ആക്രമണ കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി. എന്തുകൊണ്ടാണ് കടുത്ത ശിക്ഷ നല്‍കാത്തതെന്നും കോടതി ചോദിച്ചു. ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രതകളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന അതിജീവതമാര്‍ക്ക് സാമ്പത്തികമായി വളരെ ശക്തമായ പുനരധിവാസം ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മൂന്ന് ലക്ഷം രൂപയാണ് നിലവില്‍ നല്‍കുന്ന കുറഞ്ഞ നഷ്ടപരിഹാരം. എന്നാല്‍ തങ്ങളുടെ ചികിത്സയ്ക്കും ബാക്കിയുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനും ഈ തുക പര്യാപതമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ആസിഡ് ആക്രമണങ്ങള്‍ ഹീനമായ കുറ്റകൃത്യങ്ങളാണെന്നും ഇത്തരം പ്രവൃത്തികള്‍ തടയുന്നതിന് വളരെ കഠിനമായ ശിക്ഷ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.
2009-ല്‍ നടന്ന ആസിഡ് ആക്രമണ അതിജീവിതയും എന്‍ജിഒ ബ്രേവ് സോള്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയുമായ ഷഹീന്‍ മാലിക്കിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.
2016ലെ ആക്ട് അനുസരിച്ച്, ആസിഡ് ഏറില്‍ അപകടം പറ്റിയവരെ മാത്രമേ ഭിന്നശേഷിക്കാരായി പരിഗണിക്കുന്നുള്ളൂ എന്നും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കപ്പെട്ടവരെ നിയമം പരിരക്ഷിക്കുന്നില്ലെന്നും ഷഹീന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും കോടതി പ്രതികരണങ്ങള്‍ തേടിയിരുന്നു. ആസിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള വര്‍ഷം തിരിച്ചുള്ള ഡാറ്റ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |