
ന്യൂഡൽഹി: സിപിഎമ്മിലേക്ക് പോകാനുള്ള ചർച്ചകൾ ദുബായിൽ നടന്നെന്ന വാർത്തകൾ തള്ളി ശശി തരൂർ എംപി. ദുബായിൽ ചർച്ച നടത്തിയെന്ന ആരോപണം മാദ്ധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറയാനുള്ളത് താൻ പാർട്ടി നേതൃത്വത്തോട് പറയും. അതിനുള്ള അവസരം വരുമെന്നതിൽ തനിക്ക് സംശയമില്ലെന്നും തരൂർ വ്യക്തമാക്കി.
ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിനു മുന്നോടിയായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വസതിയിൽ ഇന്ന് ചേർന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് ക്ഷണം വെെകിയത് കൊണ്ടാണെന്നും തരൂർ വ്യക്തമാക്കി.
'മുഖ‍്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഒരു വ‍്യവസായിയുമായി ദുബായിൽ വച്ച് ചർച്ച നടത്തിയെന്നത് മാദ്ധ്യമ സൃഷ്ടിയാണ്. നിങ്ങളുടെ ആഹാരത്തിനു വേണ്ടി നിങ്ങൾ പറയുന്നതാണ്. പറയാനുള്ളത് നേതൃത്വത്തോട് പറയും. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസം. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ഇന്നത്തെ യോഗത്തിന് ഇന്നലെയോ മിനിഞ്ഞാന്നോ ആണ് ക്ഷണിക്കുന്നത്. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു'- തരൂർ പറഞ്ഞു.
അതേസമയം, നാളെ നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും അദ്ദേഹം ഇതുവരെ സന്നദ്ധ അറിയിച്ചിട്ടില്ല. കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ് തരൂരിപ്പോൾ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കഴിഞ്ഞയാഴ്ച ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിലും തരൂർ എത്തിയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |