
നമ്മുടെ രാജ്യത്തെ റബർ കൃഷിയിൽ 90 ശതമാനവും കേരളത്തിലാണ്. പ്രത്യേകിച്ച് ഡിസംബർ - ജനുവരി മാസങ്ങളിലെ തണുപ്പും മഞ്ഞുമുള്ള കാലാവസ്ഥയിലാണ് സമൃദ്ധമായ വിളവെടുപ്പ് നടക്കുന്നത്. തണുപ്പുകാലം റബർ കൃഷിക്ക് നൽകുന്ന ഗുണങ്ങൾ വളരെ വലുതാണ്. തണുപ്പ് കൂടിയാൽ പാലിന്റെ അളവും കൂടും. തണുപ്പുകാലം എങ്ങനെയാണ് ഈ കൃഷിക്ക് അനുകൂലമാകുന്നതെന്ന് വിശദമായി അറിയാം.
പാൽ ഉൽപ്പാദനം
റബർ കർഷകർക്ക് ഏറെ ലാഭം ലഭിക്കുന്നത് തണുപ്പുകാലത്താണ്. മരത്തിൽ നിന്ന് പാലെടുക്കുന്ന പ്രക്രിയയും പ്രദേശത്തെ താപനിലയുമായി നേരിട്ട് ബന്ധമുണ്ട്. അമിതമായ ചൂടാണെങ്കിൽ വെട്ടുചാലിൽ വച്ചുതന്നെ പാൽ പെട്ടെന്ന് ഉറഞ്ഞുപോകാറുണ്ട്. എന്നാൽ, തണുപ്പുകാലത്ത് പാൽ കൂടുതലായി ഒഴുകിക്കൊണ്ടിരിക്കും. ഇത് പാലുൽപ്പാദനത്തിന്റെ അളവ് വർദ്ധിപ്പിക്കും. ജനുവരി - ഫെബ്രുവരി മാസങ്ങളിലെ തണുപ്പിനെത്തുടർന്ന് റബർ മരങ്ങൾ ഇല പൊഴിക്കും. ഇത് മരത്തിന് വിശ്രമം നൽകുന്ന സമയമാണ്. പിന്നീട് പുതിയ ഇലകൾ വരുന്നതോടെ കൂടുതൽ ഊർജത്തോടെ റബർ മരം വളരുന്നു.

ഗുണങ്ങൾ
റബറിന് പുറമേ ഈ കാലാവസ്ഥ മാവ്, പ്ലാവ് തുടങ്ങി നിരവധി കൃഷികൾക്ക് അനുകൂലമാണ്. മണ്ണിലെ ഈർപ്പം പെട്ടെന്ന് നീരാവിയായി പോകാത്തതിനാൽ ചെടികൾക്ക് ആവശ്യമായ നനവ് കുറച്ച് മതിയാകും. തണുപ്പുകാലത്ത് മണ്ണിലെ ഗുണകരമായ ബാക്‌ടീരിയകളുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. ഇത് വളം വലിച്ചെടുക്കാൻ ചെടികളെ സഹായിക്കുന്നു. വേനൽക്കാലത്തെ അപേക്ഷിച്ച് തണ്ടുതുരപ്പൻ, വെള്ളീച്ച പോലുള്ള പ്രാണികളുടെ ശല്യവും തണുപ്പുകാലത്ത് വളരെ കുറവാണ്.
കർഷകർ ശ്രദ്ധിക്കൂ
തണുപ്പുകാലം കൃഷിക്ക് ഗുണകരമാണെങ്കിലും റബർ കർഷകർ ചില മുൻകരുതലുകൾ എടുക്കുന്നത് വളരെ നന്നായിരിക്കും. റബർ ഇല പൊഴിക്കുന്ന സമയത്ത് അമിതമായി നനയ്‌ക്കാൻ പാടില്ല. മറ്റ് ചെടികൾ പൂത്ത് നിൽക്കുമ്പോഴും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തണുപ്പുകാലത്ത് റബറിന് 'പിങ്ക് ഡിസീസ്' പോലുള്ള കുമിൾ രോഗങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. അതിനാൽ മരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നത് നന്നായിരിക്കും. മാവ് പൂക്കുമ്പോൾ മഞ്ഞ് അമിതമായാൽ പൂപ്പൽ ബാധ ഉണ്ടായേക്കാം. ഇതി തടയാനായി ആവശ്യമായ ജൈവ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
വരുമാനം വർദ്ധിപ്പിക്കാം
റബർ കർഷകർക്ക് സ്ഥിരമായി കൂടുതൽ വരുമാനം ലഭിക്കാൻ പല മാർഗങ്ങളുമുണ്ട്. ഇടവിള, പ്രതിവാര, ടാപ്പിംഗ് എന്നിവയാണത്. റബർ കൃഷി തുടങ്ങി ആദ്യത്തെ മൂന്ന്, നാല് വർഷം വരെ ഇടവിള കൃഷി ചെയ്യാവുന്നതാണ്. വളർന്നുവരുന്ന റബർ ചെടികൾക്കിടയിൽ മറ്റ് കൃഷികൾ ചെയ്യുന്നതാണ് ഈ രീതി.

പൈനാപ്പിൾ, മഞ്ഞൾ, ഇഞ്ചി, കാപ്പി, കൊക്കോ, കുരുമുളക്, പയറുവർഗങ്ങൾ എന്നിവയാണ് ഇടവിളയായി കൃഷി ചെയ്യാവുന്നത്. ഇടവിളകൾ റബർ തൈകളിൽ നിന്ന് കുറഞ്ഞത് രണ്ട് മീറ്റർ അകലത്തിൽ വേണം നടാൻ. റബറിന്റെ വളർച്ചയെ ബാധിക്കാത്ത രീതിയിൽ വെള്ളവും വളവും നൽകാവുന്നതാണ്. റബർ തണൽ നൽകിത്തുടങ്ങുമ്പോൾ ( ഏകദേശം നാലാം വർഷം) നിഴലിൽ വളരുന്ന വിളകൾ വളർത്തുക.
പ്രതിവാര ടാപ്പിംഗ് രീതി എന്നത് ആഴ്‌ചയിൽ ഒരുതവണ മാത്രം റബർ വെട്ടുന്നതാണ്. ടാപ്പിംഗ് തൊഴിലാളികൾ കുറവായതിനാലാണ് ചിലർ ഈ രീതി പരീക്ഷിച്ചത്. സാധാരണ രീതിയെ അപേക്ഷിച്ച് 40 മുതൽ 42 ശതമാനം വരെ പാലുൽപ്പാദനം കൂടുന്നതായി കാണാം. റബർ ഷീറ്റുകളുടെ ഭാരവും കൂടും. മരത്തിന് വണ്ണം കൂടുകയും ചെയ്യും.
ഇടയ്‌ക്കിടെ പെയ്യുന്ന മഴ മാറ്റിനിർത്തിയാൽ റബർ കൃഷി വളരെയേറെ ലാഭം തരുന്ന ഒന്നാണ്. കൃത്യമായി കൃഷി ചെയ്‌താൽ നല്ല രീതിയിലുള്ള വരുമാനം ഇതിലൂടെ നേടിയെടുക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |