അഞ്ചൽ: അഞ്ചലിൽ ഇ.എസ്.ഐ ആശുപത്രി പൂട്ടി ജീവനക്കാർ വിവാഹത്തിന് പോയത് രോഗികളെ വലച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ആശുപത്രിയിൽ എത്തിയ രോഗികളാണ് സ്ഥാപനം പൂട്ടിക്കിടക്കുന്നത് കണ്ടത്. ഒരു ജീവനക്കാരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മുഴുവൻ ജീവനക്കാരും പോയതിനെത്തുടർന്നാണ് ആശുപത്രിയുടെ പ്രവർത്തനം നിലച്ചത്. സമയമായിട്ടും ആശുപത്രി തുറക്കാത്തതിനെത്തുടർന്ന് ചികിത്സയ്ക്കായി എത്തിയവർ ബഹളം വെച്ചു. വിവരമറിഞ്ഞ് പൊതുപ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. പൊതുപ്രവർത്തകർ ഉടൻ തന്നെ ജില്ലാ കളക്ടറെ വിവരമറിയിക്കുകയും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. അന്വേഷണത്തിനായി പുനലൂർ തഹസീൽദാരെയാണ് കളക്ടർ ചുമതലപ്പെടുത്തിയത്.
തഹസീൽദാരുടെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി തഹസീൽദാർ സംഭവസ്ഥലത്തെത്തി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തി. കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസീൽദാർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |