
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് ഭൂമിയുടെ അഞ്ചിരട്ടി വില നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. മുൻ ഉടമകൾ സെന്റിന് നാല് ലക്ഷം രൂപയ്‌ക്ക് വാങ്ങിയ ഭൂമി ബാങ്ക് വാങ്ങിയത് 19 ലക്ഷം രൂപയ്‌ക്കാണ്. തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നിർമ്മാണം നടത്താൻ അനുമതിയില്ലാത്തതിനാൽ എട്ട് വർഷമായി ഈ ഭൂമി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഈ ഇടപാടിൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നാണ് സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്‌ണൻ ആരോപിച്ചത്. ഇത് ശരിവയ്‌ക്കുന്നതാണ് സഹകരണ ഓഡിറ്റ് റിപ്പോർട്ടിലെ കണക്കുകൾ.
പയ്യന്നൂരിൽ ഭൂമിക്ക് ഇത്രയും വിലയുണ്ടെന്നാണ് സിപിഎം പറയുന്നത്. അതേസമയം, രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തിൽ കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ലോക്കൽ കമ്മിറ്റികളിലും വിമർശനം ഉയരുന്നുണ്ട്.
പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. പാർട്ടി നേതൃത്വത്തിന് പലതവണ തെളിവുകളുൾപ്പെടെ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി പ്രതികരിക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പയ്യന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നതെന്നും 2011ലെ തിരഞ്ഞെടുപ്പ് കണക്കിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |