
തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറിൽ രാജ്യത്ത് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വിവിധ ഔഷധലാബുകളിൽ നടത്തിയ പരിശോധനയിൽ 93 മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. ഇവയിൽ 11 എണ്ണവും കേരളത്തിലെ ലാബുകളിൽ പരിശോധനയിൽ കണ്ടെത്തിയവയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇവയിൽ ഗുളികകൾ, സിറപ്പുകൾ, കുത്തിവയ്പ്പിനായുള്ള മരുന്നുകൾ, തുള്ളിമരുന്നുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. കേരളത്തിൽ നിന്ന് കണ്ടെത്തിയ ഒരേ മരുന്നിന്റെ മൂന്നുസാമ്പിളുകളും നിലവാരമില്ലാത്തവയായി.
എറണാകുളത്തെ റീജിയണൽ ലാബറട്ടറിയിൽ പരിശോധിച്ച അഞ്ച് സാമ്പിളുകൾ നിശ്ചിത മേന്മയില്ലാത്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെയും തൃശൂരിലെയും ലാബുകളിൽ മൂന്ന് വീതമാണ് മോശമായത്. ഹിമാചൽപ്രദേശിലെ മായ ബയോടെക് നിർമിച്ച മൂക്കിലൊഴിക്കുന്ന സോഡിയം ക്ലോറൈഡ് തുള്ളിമരുന്നിന്റെ മൂന്ന് ബാച്ചുകളാണ് എറണാകുളത്തെ പരിശോധനയിൽ പരാജയപ്പെട്ടത്. ശ്വാസംമുട്ടിനുള്ള സാൽബുട്ടാമോൾ സിറപ്പ്, മോണ്ടെലോകാസ്റ്റ് സോഡിയവും ലിവോസെട്രിസിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന ഗുളികയുടെ ഓരോ ബാച്ചുകൾ എന്നിവയും പരാജയപ്പെട്ടു.
ഇതിനുപുറമേ ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ഹൃദയപ്രശ്നം, ആമാശയരോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളും നിലവാരമില്ലാത്തവയിലുണ്ട്. കേരളത്തിനുപുറമേ പഞ്ചാബ്, ഹിമാചൽ പ്രദേശ്, കാശ്മീർ, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പശ്ചിമബംഗാൾ, ത്രിപുര, രാജസ്ഥാൻ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മരുന്നുകളും മോശമായവയിലുണ്ട്.
കഴിഞ്ഞ നവംബറിൽ കേരളത്തിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ആസ്‌ത്മ രോഗികൾ ഉപയോഗിക്കുന്ന ഇൻഹെയ്‌ലർ മരുന്നിന്റെ വ്യാജൻ പിടികൂടിയിരുന്നു. രണ്ടുലക്ഷത്തോളം രൂപയുടെ മരുന്ന് പിടിച്ചെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശൂർ പൂങ്കുന്നത്തെ മെഡ് വേൾഡ് ഫാർമ എന്നിവക്കെതിരെ നടപടിയെടുത്തിരുന്നു.
ഡിസംബറിൽ നടത്തിയ വ്യാജമരുന്നുവേട്ടയിലും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പത്ത് അലോപ്പതി മരുന്നുകളുടെയും ഏഴ് അരിഷ്ടങ്ങളുടെയും വിൽപ്പനയും നിരോധിച്ചിരുന്നു. കരുനാഗപ്പള്ളി ബലാ ഹെർബൽസിന്റെ അമൃതാരിഷ്ടം (ബാച്ച് 0110), കനകാസവം (0114), അശ്വഗന്ധാരിഷ്ടം (111), ഉശിരാസവം (0117), കുടജാരിഷ്ടം (0113), അഭയാരിഷ്ടം (109), കരുനാഗപ്പള്ളി ശിവ ആയുർവേദിക് ഫാർമസ്യൂട്ടിക്കൽസിന്റെ അശോകാരിഷ്ടം (0220) എന്നിവയാണ് നിരോധിച്ച ആയുർവേദമരുന്നുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |