
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കോണ്‍ഗ്രസ്. നയരൂപീകരണ സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഭൂരിഭാഗം നേതാക്കളും എംപിമാര്‍ മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് പങ്കുവച്ചത്. തര്‍ക്കങ്ങളൊന്നും ഉണ്ടാകാതെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. ഒരു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിത്വം ഒരു നേതാക്കളും സ്വയം പ്രഖ്യാപിക്കേണ്ടെന്നും തീരുമാനമായി.
അതേസമയം, സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള അന്തിമ മാനദണ്ഡം ഇന്ന് നടന്ന നയരൂപീകരണ സമിതിയില്‍ ചര്‍ച്ചയായില്ല. മൂന്ന് സര്‍വേ റിപ്പോര്‍ട്ടുകളാണ് പാര്‍ട്ടിക്ക് മുന്നിലുള്ളതെന്നും അത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും ദീപ ദാസ് മുന്‍ഷി പ്രതികരിച്ചു. മത സാമുധായിക ഘടകളിലെ സന്തുലിത അവസ്ഥയും പരിഗണിക്കും. വിജയസാദ്ധ്യതയ്ക്ക് തന്നെയാകും മുന്‍ഗണനയെന്നും അവര്‍ പറഞ്ഞു.
അടുത്ത മാസം രണ്ടാം വാരത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ പട്ടിക തയ്യാറാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മണ്ഡലങ്ങള്‍ വച്ച് മാറുന്നതുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച ഫെബ്രുവരി രണ്ടിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഒരു ഘടകകക്ഷിയുമായും ഈ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സമാധാനപരമാകണമെന്നാണ് നിര്‍ദേശം.
കേരളത്തില്‍ നിന്ന് മുന്‍ കെപിസിസി പ്രസിഡന്റ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍, എംകെ രാഘവന്‍ എന്നിവര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കും അന്തിമമെന്നാണ് എംപിമാര്‍ അന്ന് പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |