
കണ്ണൂർ: രക്തസാക്ഷി ഫണ്ടു പിരിവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ല കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫണ്ടിൽ യാതൊരു ക്രമക്കേടുമില്ലെന്ന ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വിശദീകരണം കേട്ടപ്പോൾ ചിരി വന്നു. കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം മാത്രമാണ് താൻ നടത്തിയത്. ഉച്ചയെ അർദ്ധരാത്രിയെന്ന് നേതൃത്വം പറഞ്ഞാൽ അത് അംഗീകരിച്ച് പോകാൻ എല്ലാവരേയും കിട്ടില്ല. ധനരാജ് ഫണ്ടിന്റെ കണക്കുകളിൽ തന്നെ വ്യക്തതയില്ലെന്നാണ് കെ.കെ. രാഗേഷിന്റെ വാക്കുകൾ തെളിയിക്കുന്നത്. വരവ് കൂടിയപ്പോൾ ചെലവും കൂടുന്ന പുതിയ കണക്കാണ് ഇവിടെ പ്രയോഗിച്ചത്. ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ചുകാട്ടിയാണ് കണക്ക് അവതരിപ്പിച്ചതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
കുഞ്ഞികൃഷ്ണനെ അനുകൂലിച്ച
പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു
വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് അജ്ഞാതർ കത്തിച്ചു. വെള്ളൂർ സ്വദേശിയായ പ്രസന്നന്റെ പൾസർ ബൈക്കാണ് അഗ്നിക്കിരയായത്. വീട്ടുമുറ്റത്ത് നിറുത്തിയിരുന്ന ബൈക്ക് സമീപത്തെ വയലിലേക്ക് മാറ്റിയ ശേഷം തീയിടുകയായിരുന്നു. സമീപ പ്രദേശത്ത് വീടുകൾ കുറവായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇന്നലെ പുലർച്ചെയാണ് ബൈക്ക് പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി വെള്ളൂർ ഭാഗത്ത് വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് നടന്ന പ്രകടനത്തിന് നേതൃത്വം നൽകിയത് പ്രസന്നനായിരുന്നു. ഈ വൈരാഗ്യമാണ് ബൈക്ക് കത്തിക്കലിന് പിന്നിലെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം. പ്രസന്നൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |