
തിരുവനന്തപുരം: അവയവദാന ചികിത്സയ്‌ക്കുള്ള ചെലവിലേക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി പരിഗണനയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചികിത്സയ്‌ക്കാവശ്യമായ മുഴുവൻ തുകയും സർക്കാരിന് വഹിക്കാനാകില്ല. നിലവിലെ പരിധി മൂന്നുലക്ഷം രൂപയാണ്. അതിനാലാണ് ഇൻഷ്വറൻസിന്റെ സാദ്ധ്യത പരിശോധിക്കുന്നത്.
2016- 21 കാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5,715.92 കോടിയും 2021- 26ൽ 2,569.15 കോടി രൂപയും ചികിത്സാ ധനസഹായമടക്കം അനുവദിച്ചിട്ടുണ്ട്. ചൂരൽമല പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്ക് വീടുവച്ച് നൽകുന്നതിനായി കോൺഗ്രസും മുസ്ലിംലീഗും സ്വരൂപിച്ച പണം സംബന്ധിച്ച വിശദാംശം അറിയില്ല. സർക്കാരിന്റെ നേതൃത്വത്തിൽ വീടുവയ്ക്കുമെന്ന ആദ്യത്തെ ധാരണയിൽ നിന്ന് പിന്നീട് അവർ മാറി.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 2,500 സംരംഭങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി മുഖേന ഇതുവരെ 2,963 സംരംഭം സംസ്ഥാനത്ത് ആരംഭിച്ചു. ഇതിനായി 1286.96 കോടി രൂപ വായ്പയായി നൽകി. 87,440 തൊഴിലവസരം സൃഷ്ടിച്ചു. ഗുണഭോക്താക്കളിൽ 1,374 വനിതകളാണ്.
തടവുകാർക്ക് ന്യാമായ വേതനം
നൽകേണ്ടത് ഭരണഘടനാതത്വം
തടവുകാർ ചെയ്യുന്ന തൊഴിലിന് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ പരമായ തത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴു വർഷമായി നിരക്കുകളിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ കാലോചിതവും ശാസ്ത്രീയവുമായ മാറ്റം വരുത്തണമെന്ന ജയിൽ മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വേതനം പരിഷ്കരിച്ചത്. വേതന നിർണയം യുക്തിസഹവും മാനുഷികവുമാകണമെന്ന് സുപ്രീംകോടതി നിർദ്ദേശവുമുണ്ട്. തടവുകാരുടെ വേതനത്തിന്റെ ഒരുവിഹിതം അതത് സംഭവങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചരുന്നതായും അതനുസരിച്ച് വിക്ടിം കോംപൻസേഷൻ നിയമനം പരിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞംആഗോള
ട്രാൻസ്ഷിപ്മെൻ്റ്
ഹബ്ബാവും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിച്ചതിന് ശേഷം 670-ലധികം കപ്പലുകളിലെ 14.35 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും, സ്ഥാപിത ശേഷിയുടെ 131% വർദ്ധിത ശേഷി കൈവരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ആദ്യ വർഷത്തെ വാണിജ്യ പ്രവർത്തനത്തിൽ തന്നെ തുറമുഖം 10 ലക്ഷം ടി.ഇ.യു എന്ന നാഴികക്കല്ല് താണ്ടി. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ചതിനേക്കാൾ 17 വർഷം മുമ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. യൂറോപ്പ്, വടക്കേ അമേരിക്ക,തെക്കേ അമേരിക്ക, ഏഷ്യയി ലെ വിവിധ പ്രദേശങ്ങൾ, പശ്ചിമേഷ്യ , സൗത്ത് ആഫ്രിക്ക,ചൈന എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമെന്ന വിശേഷണത്തോടെയാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന കാലയളവിൽ വിഴിഞ്ഞം തുറമുഖം ലോക മാരിടൈം ഭൂപടത്തിൽ നിർണ്ണായക സ്ഥാനം നേടി.അന്താരാഷ്ട്ര കണ്ടെയ്നർ ചരക്ക് ഗതാഗതം നടക്കുന്ന വിവിധ രാജ്യങ്ങളിലെ 110- ഓളം പോർട്ടുകളുമായി കണക്റ്റിവിറ്റി സ്ഥാപിച്ചു. വിഴിഞ്ഞം ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി മാറിക്കഴിഞ്ഞു. റോഡ്,റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഗേറ്റ് വേ കണക്റ്റിവിറ്റിക്ക് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് കണക്റ്റിവിറ്റി വളരെ വേഗത്തിൽ സജ്ജമാകും . 2028 ഡിസംബറോടെ റെയിൽ കണക്റ്റിവിറ്റി പദ്ധതി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |