
മുംബയ്: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്. വിമാനാപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയും ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്ന് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
അതേസമയം, അജിത് പവാറിന്റെ അന്ത്യകർമങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും ചടങ്ങുകൾ. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന നാലുപേർക്കും അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനുമാണ് മരിച്ചത്.
ഇന്ന് രാവിലെ 8.45ഓടെയാണ് മുംബയിൽ നിന്നും മഹാരാഷ്‌ട്രയിലെ ബാരാമതിയിലേക്ക് അജിത് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്‌തത്. അപകടത്തിൽപ്പെട്ട വിമാനം പൂർണമായും കത്തിനശിച്ചു. ലാൻഡിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |