
കൊച്ചി: കലൂർ സ്റ്റേഡിയവും പരിസരവും ലഹരി മാഫിയയും സാമൂഹിക വിരുദ്ധരും കൈയടക്കുന്നുവെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഉന്നത പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നൽകിയ ഉത്തരവിലുള്ളത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ.
സ്റ്റേഡിയത്തിലും പരിസരത്തുമുള്ള സ്ട്രീറ്റ്ലൈറ്റ് പ്രവർത്തനക്ഷമമാണോയെന്ന് അസി.പൊലീസ് കമ്മീഷണറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പരിശോധിക്കണം. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ളവ കത്തുന്നില്ലെങ്കിൽ അടിയന്തരമായി പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം. ലിങ്ക് റോഡ്, മെട്രോ പില്ലറുകൾ എന്നിവിടങ്ങളിലെ തെരുവുവിളക്കുകളുടെ തകരാർ പരിഹരിക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.
കമ്മിഷൻ ആവശ്യപ്പെട്ടത്
കൊച്ചി സിറ്റി പൊലീസ് മേധാവിയും ജോയിന്റ് എക്സൈസ് കമ്മിഷണറും കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജി.സി.ഡി.എ സെക്രട്ടറി എന്നിവരുടെ സഹകരണത്തോടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തണം
വൈകിട്ടും രാത്രികാലങ്ങളിലും നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പഴുതടച്ച നിയമനടപടികൾ സ്വീകരിക്കണം
പ്രദേശത്ത് പൊലീസും എക്സൈസും പട്രോളിംഗ് ശക്തമാക്കണം
റിപ്പോർട്ട് ഒരുമാസത്തിനകം
ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സിറ്റി പൊലീസ് മേധാവിയും ജോയിന്റ് എക്സൈസ് കമ്മിഷണറും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ സെക്രട്ടറിമാരും നിശ്ചിത സമയത്തിനകം റിപ്പോർട്ട് നൽകണം. സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല ജി.സി.ഡി.എയ്ക്കാണോ എന്ന കാര്യത്തിൽ റിപ്പോർട്ടിൽ വ്യക്തത വരുത്തണം. മാർച്ച് 3ന് രാവിലെ 10ന് പത്തടിപ്പാലം റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ പൊലീസ് മേധാവിയെ പ്രതിനിധീകരിച്ച് എ.സി.പിയും എക്സൈസ്, കോർപ്പറേഷൻ, ജി.സി.ഡി.എ എന്നിവരെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥരും നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |