
തിരുവനന്തപുരം: വരവ് ചെലവ് കണക്കിലെ ഭീമമായ വ്യത്യാസം, കേന്ദ്ര സർക്കാർ നൽകുന്ന നികുതി വിഹിതത്തിലെ കുറവ്, കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം എന്നിങ്ങനെ പ്രതിസന്ധികൾ അനേകം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽ പോലും തിരിച്ചടിയേറ്റ ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ബഡ്‌ജറ്റ്, കോർപറേഷനുകളിൽ ആറിൽ അഞ്ചും കൈമോശം വന്ന ശേഷമുള്ള കന്നി ബഡ്‌ജറ്റ്, രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിന് പ്രത്യേകതകൾ ഏറെയായിരുന്നു.
സാമ്പത്തിക പരാധീനതകൾക്കിടയിലും മാസങ്ങൾ മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ചത്. അധികാരത്തിൻറെ ഹാട്രിക് ലക്ഷ്യമിട്ട് തന്നെയാണ് ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ക്ഷേമ പെൻഷനിൽ വർദ്ധന ഇല്ലെങ്കിലും സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഒപ്പം അംഗനവാടി ജീവനക്കാർ, പ്രീ പ്രൈമറി അദ്ധ്യാപകർ, ആശ വർക്കർമാർ എന്നിങ്ങനെ വിവിധ വിഭാഗത്തെയും കൈയിലെടുക്കുന്ന തരം ബഡ്‌ജറ്റാണ് ഇത്തവണ ഉണ്ടായത്.
സർക്കാർ ജീവനക്കാർക്ക് 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷൻ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. ഒപ്പം നിലവിലെ പങ്കാളിത്ത പെൻഷന് പകരം ഏപ്രിൽ മാസം മുതൽ അഷ്വേർഡ് പെൻഷൻ നടപ്പാക്കും. മാത്രമല്ല ഡിഎ അടക്കം കുടിശിക ഉടൻ നൽകി തീർക്കുമെന്നും സർക്കാർ പ്രഖ്യാപിക്കുന്നു. ആദ്യ ഗഡു ഫെബ്രുവരി മാസത്തിലും അടുത്തത് മാർച്ച് മാസത്തിലും ശമ്പളത്തിനൊപ്പം നൽകും. 13 ശതമാനമാണ് ഡിഎ കുടിശികയുള്ളത്. ഇത് ഘട്ടംഘട്ടമായി നൽകുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്.
സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല അംഗനവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർദ്ധിപ്പിച്ചു. ഹെൽപ്പർമാരുടെ പ്രതിമാസ വേതനമാകട്ടെ മാസം 500 രൂപയും കൂടി. പ്രീ പ്രൈമറി അദ്ധ്യാപകർക്ക് ആയിരം രൂപ കൂടും. സാക്ഷരതാ പ്രേരക്‌മാർക്ക് ആയിരം രൂപ വർദ്ധിക്കും. പാചകതൊഴിലാളികൾക്ക് ദിവസവേതനം 25 രൂപ കൂടും. 2000 രൂപ 62 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നെന്ന് മന്ത്രി അറിയിച്ചിരുന്നു, എന്നാൽ പുതിയ പ്രഖ്യാപനം ഇല്ല. നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നൽകും, നെൽകൃഷി വികസനത്തിന് 150 കോടി, കേര പദ്ധതിയ്‌ക്ക് 100 കോടി എന്നിങ്ങനെ സാധാരണ കർഷകർക്ക് പ്രത്യാശ നൽകുന്ന പ്രഖ്യാപനങ്ങളും ഏറെയുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിയ്‌ക്കേറ്റ കനത്ത തിരിച്ചടി വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാൻ ഏറെ കരുതലോടെയാണ് ധനമന്ത്രി ഇത്തവണ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 37.9 ശതമാനമായിരുന്നു യുഡിഎഫിന് ലഭിച്ച വോട്ട്. എൽഡിഎഫിന് ഇത് 40 ശതമാനത്തിന് മുകളിലായിരുന്നു. ഇത്തവണ എൽഡിഎഫിന് നേടാനായത് 33.45 ശതമാനം ഏകദേശം അഞ്ച് ശതമാനത്തിന്റെ കുറവ്. യുഡിഎഫ് ആകട്ടെ 38.81 ശതമാനം വോട്ട് നേടി. ഇത് വലിയ അപായസൂചനയായിത്തന്നെ എൽഡിഎഫ് കാണുന്നു.
ഒരിക്കലും കൈവിട്ട് പോകില്ലെന്ന് കരുതിയ കോർപറേഷനുകളിൽ ഏതാണ്ടെല്ലാം കൈവിട്ട് പോകുന്നു. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. കൊച്ചി, കണ്ണൂർ, നാളിതുവരെ കൈവിടാത്ത കൊല്ലം, ഏറ്റവും ശ്രദ്ധയേറിയ പോരാട്ടം നടന്ന തിരുവനന്തപുരം എന്നിവ ഇടതിന് നഷ്‌ടമായത് വലിയ അഭിമാനക്ഷതമായി. 45 വർഷം എതിരില്ലാതെ ഭരിച്ച തിരുവനന്തപുരം കോർപറേഷനിൽ 24 സീറ്റുകൾ നഷ്‌ടമായി ആകെ 29 എണ്ണമാണ് നേടിയത്. 25 വർഷം ഭരിച്ച കൊല്ലം ചരിത്രത്തിലാദ്യമായി എൽഡിഎഫിനെ കൈവിട്ടു. 16 സീറ്റുകൾ മാത്രമാണ് നേടിയത്. തിരുവനന്തപുരം ബിജെപി നേടി. കൊല്ലത്ത് യുഡിഎഫ് ചരിത്രവിജയം നേടി.
ഡിഎ അനുവദിക്കാത്തതിൽ ഇടത് യൂണിയനുകൾ പോലും അതൃപ്‌തിയും സമരവും പ്രഖ്യാപിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് തണുപ്പിക്കാനാണ് ഡിഎ നൽകാനും ശമ്പളപരിഷ്‌കരണ കമ്മിഷൻ പ്രഖ്യാപനവും നടത്തിയത്. എന്നാൽ മൂന്ന് മാസത്തിനകം ശമ്പളപരിഷ്‌കരണ റിപ്പോർട്ട് നൽകുമ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനുള്ള സമയമാകും.
ലോട്ടറി തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ്. ഹരിതകർമ്മ സേനയ്‌ക്ക് ഇൻഷ്വറൻസ് പദ്ധതി. റോഡപകടത്തിൽ പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യ അഞ്ച് ദിവസം പണരഹിത ചികിത്സ, ഇലക്‌ട്രിക് ഓട്ടോ വാങ്ങാൻ പൊതുമേഖലാ ബാങ്കിൽ നിന്ന് 2 ശതമാനം പലിശയിളവിൽ വായ്‌പ, പഴയ പെട്രോൾ-ഡീസൽ ഓട്ടോ പൊളിച്ച് പുതിയ ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40000 രൂപ ഒറ്റതവണ സ്‌ക്രാപ്പേജ് ബോണസ് തുടങ്ങി അടിസ്ഥാന വർഗത്തിന് ഏറെ പ്രധാന്യം നൽകുന്ന പ്രഖ്യാപനങ്ങൾ ഇത്തവണ ബഡ്‌ജറ്റിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |