
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് അവതരണത്തിനിടെ കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടെയും കേരളം വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും വിമർശനം ഉയർന്നു. ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എൻ ബാലഗോപാലിന്റെ ആറാമത്തെയും ബഡ്ജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.
രാവിലെ ഒമ്പത് മണിയോടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്‌ജറ്റ് അവതരിപ്പിച്ചുതുടങ്ങിയത്. പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയെന്ന ചാരിതാർത്ഥ്യം സർക്കാരിനുണ്ട്. ധനനിലയിൽ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചെന്നും മന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്.
സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ
ഡിഎ ഡിആർ കുടിശിക പൂർണമായും നൽകും. ഒരു ഗഡു ടിഎ ഫെബ്രുവരി മാസത്തോടെയും ബാക്കി മാർച്ച് മാസത്തോടെയും നൽകും.
സപ്ലൈക്കോ ഔട്ട്ലെറ്റ് നവീകരണത്തിന് 17.8 കോടി രൂപ.
പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി, പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിന് മൂന്ന് കോടി, ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നാല് കോടി.
അംഗണവാടികളില്‍ മുട്ടയും പാലും എല്ലാ ദിവസവും ഉറപ്പാക്കാൻ 80.90 കോടി രൂപ.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷ ഒരുക്കുന്നതിന് പുതിയ പദ്ധതി അവതരിപ്പിക്കും. ഇതിനായി അഞ്ചുകോടി അനുവദിക്കും.
ആഗോള കേരള സാംസ്‌കാരികോത്സവം സംഘടിപ്പിക്കാന്‍ ഒരു കോടി.
വയോജന കമ്മീഷൻ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലാളി ക്ഷേമ പദ്ധതികൾക്കായി 950.89 കോടി. എം എൻ ലക്ഷം വീട് പദ്ധതിക്ക് പത്ത് കോടി.
തളിപ്പറമ്പിൽ മൃഗശാലയ്ക്കായി നാല് കോടി അനുവദിച്ചു.
പുതിയ മെഡിക്കൽ കോളേജുകൾക്ക് 57.03 കോടി. വിദ്യാവാഹിനിക്ക് 30 കോടി.
ജയിലുകളുടെ നവീകരണത്തിന് 47 കോടി, ലോക കേരള സഭയുടെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 7.3 കോടി
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്.
പെരളശ്ശേരിയിൽ സാംസ്‌കാരിക ഇടനാഴി
സൗരോർജ് സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകൾ തോറും പദ്ധതി നടപ്പിലാക്കും.
ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി, അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി.
കലാ സാംസ്കാരിക ബഡ്ജറ്റ് വിഹിതം 30 ശതമാനം ഉയർത്തി, എംടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് ഒന്നരക്കോടി രൂപ കൂടി നൽകും.
ചലച്ചിത്ര അക്കാഡമിയുടെ പ്രവർത്തനത്തിന് 16 കോടി, വനിതാ സംവിധായകർക്ക് ഫീച്ചർ സിനിമ ഒരുക്കാൻ ഏഴ് കോടി
തോപ്പിൽ ഭാസി, പി.ജെ ആന്റണി , കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാൻ സ്ഥിരം നാടക തിയേറ്ററുകൾ സംഘടിപ്പിക്കും.
ധർമടം റെയിൽവേ സ്റ്റേഷൻ വികസനത്തിന് അഞ്ച് കോടി, ബ്രണ്ണൻ കോളേജിലെ കായിക വികസനത്തിന് രണ്ട് കോടി.
സ്കോളർഷിപ്പ് – ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടി, പത്രപ്രവർത്തക പെൻഷൻ 1500 രൂപ വർദ്ധിപ്പിച്ചു.
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി,ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപ
ജൈവവൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 13 കോടി, ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർദ്ധിപ്പിച്ചു.
കേര പദ്ധതിക്ക് 100 കോടി.
പഞ്ചായത്ത് തല സ്കിൽ കേന്ദ്രങ്ങൾക്ക് 20 കോടി, യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം.
വന്യജീവി ആക്രമണം നേരിടാൻ 100 കോടി രൂപ അധികം അനുവദിച്ചു.
ശബരിമല മാസ്റ്റർ പ്ലാൻ വിഹിതം 30 കോടിയായി വർദ്ധിപ്പിച്ചു,,പമ്പാ നദി മാലിന്യമുക്തമാക്കാൻ 30 കോടി.
കടൽ സുരക്ഷ പദ്ധതിക്കായി മൂന്ന് കോടി, കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കും.
ക്ഷീര വികസനത്തിനായി 128.05 കോടി, പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും ഗുണമേന്മ വർദ്ധിപ്പിക്കാൻ ലബോറട്ടറികൾക്കായി എട്ട് കോടി.

കെഎസ്ആർടിസി ജീവനക്കാർ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വാങ്ങുന്നുണ്ടെന്ന് ധനകാര്യ മന്ത്രി. 8225 കോടി രൂപ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിക്ക് നൽകി. രണ്ടാം പിണറായി സർക്കാർ കെഎസ്ആർടിസിക്ക് 8000 കോടിക്ക് മുകളിൽ നൽകി.
മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതൽ നടപ്പിലാക്കും.
ഹരിത കർമസേനയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ്, ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്.
സ്ത്രീകൾ നേതൃത്വം നൽകുന്ന മൂല്യവർധിത യൂണിറ്റുകൾ വ്യാപകമാക്കും. ഇതിനായി 10 കോടി രൂപ, സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ വികസനത്തിനായി അത്യാധുനിക ക്യാംപസിനായി പത്ത് കോടി രൂപ
വനിത സ്കിൽ സെന്ററുകൾക്ക് 20 കോടി,മൺപാത്ര നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഒരു കോടി.
റാപ്പിഡ് എർത്ത് കോറിഡോറിന് 100 കോടി, പ്രതിരോധ ഗവേഷണ ഹബിന് 50 കോടി, എംസി റോഡ് വികസനത്തിന് 5217 കോടി.
അമേരിക്കയെക്കാൾ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലെന്ന് ധനമന്ത്രി.
സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ കേരള കലാരൂപ കേന്ദ്രങ്ങൾ സ്ഥാപിക്കും,ആഗോള സ്കൂൾ സ്ഥാപിക്കാൻ 10 കോടി

കാൻസർ, എയ്ഡ്സ് രോഗികളുടെ പ്രതിമാസ പെൻഷൻ 1000 രൂപ ഉയർത്തി.
മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 3408 വീടുകൾ സർക്കാർ വച്ചുനൽകി.
സംസ്ഥാനത്തെ 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ സർക്കാർ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആദ്യബാച്ച് വീട് അടുത്ത മൂന്നാംവാരം കൈമാറും.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി എസ് സെന്റർ നടപ്പിലാക്കാൻ 20 കോടി.
ഖരമാലിന്യ സംസ്‌കരണത്തിന് 160 കോടി.
കേന്ദ്രം നികുതി വിഹിതം വെട്ടികുറയ്ക്കുന്നുവെന്ന് മന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ കുറ്റപ്പെടുത്തി.
നികുതിദായകർക്ക് പുരസ്കാരത്തിനായി അഞ്ച് കോടി, മുഖ്യമന്ത്രിയുടെ കണക്ട് ടൂ വർക്ക് പദ്ധതിക്ക് 400 കോടിയും അനുവദിക്കും.
അങ്കണവാടി വർക്കർമാരുടെ പ്രതിമാസം വേതനം ആയിരം രൂപ വർദ്ധിപ്പിച്ചെന്നും സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടിയെന്നും മന്ത്രി ഔദ്യോഗികമായി അറിയിച്ചു.
സ്ത്രീ സുരക്ഷ പെൻഷനായി 3820 കോടി രൂപ അനുവദിക്കും

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായും നടപ്പിലാക്കിയെന്നും പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്നത്തെ കേരളമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |