അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ മൂന്ന് പദ്ധതികൾക്കായി 6.25 കോടി രൂപ ബജറ്റിൽ വകയിരുത്തി. അങ്കമാലി താലൂക്ക് ആശുപത്രിയിൽ നബാർഡ് സഹായത്തോടെ 6.30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആറുനില കെട്ടിടത്തിന്റെ പൂർത്തീകരണത്തിനായി രണ്ട് കോടി രൂപ അനുവദിച്ചു. മൂക്കന്നൂർ-തുറവൂർ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 2.25 കോടി രൂപയും മലയാറ്റൂർ മണപ്പാട്ടുചിറ ടൂറിസം വികസനത്തിനായി രണ്ട് കോടി രൂപയുമാണ് വകയിരുത്തിയത്.
നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മൂക്കന്നൂർ-തുറവൂർ റോഡ് ഉൾപ്പെടെയുള്ളവയുടെ ശുപാർശ റോജി എം. ജോൺ എം.എൽ.എ. ധനകാര്യമന്ത്രിക്ക് നൽകിയത്. എന്നാൽ അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളെ അവഗണിച്ച ബജറ്റാണിതെന്ന് റോജി എം. ജോൺ എം.എൽ.എ. ചൂണ്ടിക്കാട്ടി.
അങ്കമാലി ബൈപ്പാസ് ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി ആവശ്യമായ തുക അനുവദിക്കുന്നതിൽ സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിച്ചിരിക്കുന്നത്. മണ്ഡലത്തിലെ പ്രധാനപ്പെട്ട 20 പ്രവൃത്തികൾക്ക് തുക അനുവദിക്കാൻ ശുപാർശ സമർപ്പിച്ചിരുന്നുവെങ്കിലും കേവലം മൂന്ന് പദ്ധതികൾക്ക് മാത്രമാണ് തുക അനുവദിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നിയമസഭയിൽ ഉന്നയിക്കുമെന്നും റോജി എം. ജോൺ എം.എൽ.എ. കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |