
പന്തളം: കുളനട കൈപ്പുഴയിൽ വീടിന്റെ മുൻ വാതിൽ തകർത്ത് മോഷ്ടാക്കൾ 50 പവൻ കവർന്നു. എം.സി റോഡിൽ പന്തളം വലിയ പാലത്തിന് സമീപം ലക്ഷ്മി നികേതനിൽ വി.ബിജുനാഥിന്റെ വീട്ടിലായിരുന്നു മോഷണം. അമ്മ ഓമനഅമ്മ മാത്രമാണ് വീട്ടിലുള്ളത്. ഇവർ രാത്രി സമീപത്തെ മൂത്ത മകന്റെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ബിജുവും ഭാര്യ ബിന്ദുവും ബെഹ്റിനിലാണ്.
വ്യാഴാഴ്ച രാവിലെ അമ്മ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കതക് തുറന്നുകിടക്കുന്നത് കണ്ട് അടുത്തുള്ളവരെയും പന്തളം പൊലീസിലും വിവരം അറിയിച്ചു. കിടപ്പ് മുറിയിലെ അലമാരയിലെ ലോക്കർ കുത്തിത്തുറന്നാണ് 50 പവനോളം കവർന്നത്.
സ്വർണത്തിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. മകന്റെയും മരുമകളുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിനൊപ്പം ഓമനഅമ്മയുടെ ഒരുജോഡി കമ്മലും മോതിരവും നഷ്ടപ്പെട്ടു. അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൊടുമൺ സി.ഐ ശ്രീലാൽ ചന്ദ്രശേഖർ, പന്തളം എസ്.ഐ യു.വി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പന്തളം പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പണയമെടുത്തപ്പോൾ പണ്ടം നഷ്ടമായി
വീടുപണിയുടെ ആവശ്യത്തിന് സ്വർണം പണയം വച്ചിരുന്നെങ്കിലും പിന്നീട് തുക തിരിച്ചടച്ച് സ്വർണം വീട്ടിൽ സൂക്ഷിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് സമീപത്തെ വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. നാലുമാസം മുമ്പ് കുരമ്പാലയിലും പിന്നീട് പന്തളം കോളേജ് കവലയിലെ കടകളിലും മോഷണം നടന്നിരുന്നു. കടകളിൽ മോഷണം നടത്തിയ രണ്ടുപേരെ പിടികൂടിയെങ്കിലും കുരമ്പാലയിലെ മോഷ്ടാക്കളെ
പിടികൂടാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |