
തൃശൂർ: ഒരു ബൈക്ക് മോഷണത്തെ പിൻപറ്റിയ അന്വേഷണത്തിൽ വീണ്ടെടുത്തത് എട്ട് ബൈക്കുകൾ. പിടിയിലായത് പ്രായപൂർത്തിയാകാത്ത നാലുപേർ. തൃശൂർ ഈസ്റ്റ് പൊലീസും എ.സി.പിയുടെ സ്‌ക്വാഡും ചേർന്നാണ് ബൈക്ക് മോഷ്ടാക്കളെ പിടികൂടിയത്. ബൈക്ക് മോഷ്ടാക്കളെ പിടികൂടാൻ കമ്മിഷണർ നകുൽ ആർ.ദേശ്‌മുഖ്, എ.സി.പി കെ.ജി.സുരേഷ്, ഈസ്റ്റ് ഇൻസ്‌പെക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.
26ന് രാഗം തിയേറ്ററിന് മുന്നിൽ വച്ചിരുന്ന ബൈക്ക് മോഷണം പോയതിൽ സ്‌ക്വാഡിന്റെ അന്വേഷണമാണ് പ്രായപൂർത്തിയാകാത്ത നാല് പേരിലേക്ക് എത്തിയത്. അന്വഷണം നൈറ്റ് പട്രോളിംഗിനിടെ ബൈക്ക് ഉപേക്ഷിച്ചുപോയ ചെറുപ്പക്കാരിലേക്ക് അന്വേഷണം നീണ്ടു. മോഷ്ടിച്ച ബൈക്കുകളുടെ നമ്പർ മാറ്റിവച്ചതിനാൽ ഉടമസ്ഥനിലേക്കെത്താനായില്ല. പിന്നാലെ അന്വേഷണത്തിൽ പിടികൂടിയത് പ്രായപൂർത്തിയാകാത്ത ഒരു പയ്യനെയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായത് കൂട്ടുകാരായ മറ്റ് മൂന്നു പേരുമായി ചേർന്നുള്ള കൂട്ടായ മോഷണ പരമ്പരയായിരുന്നു.
ഇവർ മോഷ്ടിച്ചതായി കണ്ടെത്തിയത് എട്ടോളം ബൈക്കാണ്. അഞ്ചോളം പരാതികളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രമായി ലഭിച്ചത്. ഒരു ബൈക്ക് വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നഷ്ടപെട്ടതായിരുന്നു. ഒരു രാത്രിക്കുള്ളിൽ നാല് ബൈക്കോളം മോഷ്ടിച്ചെന്നും വെളിപെടുത്തി. കേസിൽ ഉൾപ്പെട്ട നാലു പേരുടെയും രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി കുറ്റത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി. കൗൺസിലിംഗ് പദ്ധതിയായ റീച്ചിൽ ഉൾപ്പെടുത്തി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമവും സിറ്റി പൊലീസ് നടത്തി വരുന്നുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.ജെ.ജിജോ, സബ് ഇൻസ്‌പെക്ടർരാരായ ബിപിൻ പി.നായർ, ഹരീന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സജീവൻ, സൂരജ്, ദീപക്, ഹരീഷ്, അജ്മൽ എന്നിവരാണുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |