
പോത്തൻകോട്: വൃദ്ധമാതാവിനെ സ്വത്തിന്റെ പേരിൽ മകളും മരുമകനും ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് അവശയാക്കി. കട്ടിലിൽ കിടന്ന അമ്മയെ കാലുകൊണ്ട് ചവിട്ടിയും തൂക്കിയെടുത്ത് വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞും സമാനതകളില്ലാത്ത ക്രൂരതയാണ് നടത്തിയത്. മംഗലപുരം ഇടവിളാകത്ത് മാവിള വീട്ടിൽ സലിലയാണ് (70) ദാരുണമായ അതിക്രമത്തിന് ഇരയായത്. സമീപവാസികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.
മകൾ സജയും ഭർത്താവ് ലിജുവും ചേർന്ന് സലിലയെ മർദ്ദിച്ച് വീടിന് പുറത്താക്കി കതകടച്ചു. സംഭവം വാർഡ് മെമ്പർ രജനി അറിയിച്ചതിനെ തുടർന്ന് മംഗലപുരം പൊലീസെത്തി ലിജുവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് രാത്രി 10ഓടെ സലിലയെ കണിയാപുരത്തുള്ള അഭയ തീരത്തേക്ക് മാറ്റി.
സലിലയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും മകളുടെ പേർക്ക് കാലശേഷം പൂർണ അവകാശം വച്ച് നേരത്തെ ഭാഗപത്രം ചെയ്തിരുന്നു. എന്നാൽ കാലശേഷം എന്നുള്ളത് മാറ്റി ഇപ്പോൾ തന്നെ പൂർണമായും നൽകണമെന്നാവശ്യപ്പെട്ട് മാതാവിനെ ഇവർ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. പലപ്പോഴും ആഹാരം പോലും നിഷേധിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. മകളെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |