
പൊലീസുകാരനടക്കം മൂന്നുപേർ റിമാൻഡിൽ
കിളിമാനൂർ: സംഘർഷം നിയന്ത്രിക്കാനെത്തിയ നഗരൂർ എസ്.എച്ച്.ഒയെ ആക്രമിച്ച കേസിൽ പൊലീസുകാരനുൾപ്പെടെ മൂന്നുപേർ റിമാൻഡിൽ. വെള്ളല്ലൂർ വരയടിക്കുന്ന് ശിവൻ മുക്ക് ശിവശക്തി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ട് പരിപാടിക്കിടെയായിരുന്നു സംഭവം. വെള്ളല്ലൂർ മൊട്ടലിൽ പനയറ വീട്ടിൽ ആരോമൽ (27) ഇയാളുടെ ജ്യേഷ്ഠസഹോദരൻ പള്ളിക്കൽ സ്റ്റേഷനിലെ പൊലീസുകാരൻ ചന്ദു ( 32 ), കല്ലമ്പലം പുതുശേരിമുക്ക് കോട്ടമൂല ആദിത്യഭവനിൽ ആദിത്യൻ (21) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി നാടൻപാട്ട് നടക്കുമ്പോൾ പ്രതികളും മറ്റൊരു സംഘം യുവാക്കളും തമ്മിൽ ഏറ്റുമുട്ടി. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഗരൂർ എസ്.എച്ച്.ഒ അൻസർ,സി.പി.ഒ നിജിമോൻ എന്നിവർ ചേർന്ന് ഇവരെ പിന്തിരിപ്പിച്ചു. തുടർന്ന് പൊലീസ് പരിപാടി നിറുത്തിവയ്പ്പിച്ച് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു. എന്നാൽ വീണ്ടും സംഘർഷം രൂക്ഷമായി. തടയാൻ ശ്രമിച്ച എസ്.എച്ച്.ഒയെ പ്രതികൾ സമീപത്തെ ഓടയിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും യൂണിഫോമിന്റെ നെയിം പ്ലേറ്റ് വലിച്ച് പൊട്ടിച്ച് കൈയേറ്റം ചെയ്യുകയുമുണ്ടായി. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് അക്രമം നടത്തിയതിനും പ്രതികൾക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |