
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വന്റി-20യിൽ 46 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി. ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ച്വറിയും അർഷ്ദീപ് സിംഗിന്റെ അഞ്ച് വിക്കറ്റുമാണ് ഇന്ത്യയ്ക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. വെറും 43 പന്തിൽ നിന്ന് 103 റൺസ് നേടി ഇഷാൻ ഗ്രീൻഫീൽഡിനെ ആവേശത്തിലാഴ്ത്തി. 10 സിക്സറുകളും ആറ് ഫോറുകളും അടങ്ങിയതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. 42 പന്തിലാണ് താരം തന്റെ കന്നി അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറി കുറിച്ചത്. നായകൻ സൂര്യകുമാർ യാദവ് 30 പന്തിൽ 63 റൺസുമായി മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ ഹാർദിക് 17 പന്തിൽ 42 റൺസ് അടിച്ചുകൂട്ടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് തുടക്കത്തിൽ തകർത്താടിയെങ്കിലും പിന്നീട് വിക്കറ്റുകൾ വീഴുകയായിരുന്നു.പവർ പ്ലേയിൽ കിവീസ് 79 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യയെവിറപ്പിച്ചത്. ഫിൻ അലന്റെ (38 പന്തിൽ 80 റൺസ്) പ്രകടനം ഇന്ത്യയെ ഒരുവേള ഭയപ്പെടുത്തിയെങ്കിലും ഒൻപതാം ഓവറിൽഅദ്ദേഹം പുറത്തായതോടെ കിവീസിന്റെ തകർച്ച തുടങ്ങി. രചിൻ രവീന്ദ്ര (30), ഡാരിൽ മിച്ചൽ (26), ഇഷ് സോധി (33) എന്നിവർ പൊരുതിയെങ്കിലും 19.4 ഓവറിൽ 225 റൺസിന് ന്യൂസീലൻഡിന്റെ വാലറ്റവും പുറത്തായി.
കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി അർഷ്ദീപ് സിംഗ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതാണ് ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാനായത്. നാല് ഓവറിൽ 51 റൺസ് വഴങ്ങിയ അർഷ്ദീപ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയായിരുന്നു കിവീസിന്റെ പോരാട്ടം അവസാനിപ്പിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചിരുന്നു. എന്നാൽ വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചിരുന്നു. അവസാന മത്സരത്തിൽ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയതോടെ ലോകകപ്പിന് മുന്നോടിയായി വലിയ ആത്മവിശ്വാസമാണ് ടീം ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |