SignIn
Kerala Kaumudi Online
Friday, 15 May 2026 6.39 PM IST

'ഇനിമുതൽ ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങും, റഷ്യയുമായുള്ള ഇടപാട് ഉപേക്ഷിക്കും'; വാദവുമായി ട്രംപ്

trump

വാഷിംഗ്ൺ: ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇത് സംബന്ധിച്ച കരാറിനുള്ള രൂപരേഖ പൂർത്തിയായിക്കഴിഞ്ഞെന്ന് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെന്നും ഈ കുറവ് വെനസ്വേലയിലൂടെ നികത്താനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ സംസാരിച്ചെന്നും ഊർജസഹകരണത്തിൽ ധാരണയായെന്നും വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായ ഡെൽസി റോഡ്രിഗസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പിന്നാലെ വെനസ്വേലയുമായുള്ള ഉഭയകക്ഷിബന്ധം ഇന്ത്യ വർദ്ധിപ്പിക്കുമെന്നും അത് പുതിയ സാദ്ധ്യതകളിലേക്ക് വഴിതുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചിരുന്നു.

വേണമെങ്കിൽ ചൈനയ്‌ക്കും വെനസ്വേലയിൽ നിന്ന് എണ്ണവാങ്ങുന്നതിനായി യുഎസുമായി കരാറിലെത്താമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങാനുള്ള ശ്രമങ്ങൾ ചൈന ഉപേക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകുന്നു.

ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളിലൊന്നാണ് വെനസ്വേലയിൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അടുത്തിടെയാണ് സ്വകാര്യ നിക്ഷേപങ്ങൾ അനുവദിക്കുന്ന തരത്തിൽ നിയമങ്ങൾ പരിഷ്‌കരിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്ൻ യുദ്ധത്തിന് നൽകുന്ന പ്രോത്സാഹനമാണെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്. എന്നാൽ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നതോടെ ഇറക്കുമതി തീരുവയിൽ 25 ശതമാനം കൂടുതൽ വർദ്ധന ട്രംപ് വരുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, TRUMP, OIL, VENEZUELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360