SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

വി. കുഞ്ഞികൃഷ്ണന് പിന്തുണ; കീഴ്ഘടകങ്ങളെ നിരീക്ഷിക്കുന്നു 

Increase Font Size Decrease Font Size Print Page
cpm
സി.പി.എം

കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പാർട്ടിയിലെ അസംതൃപ്ത വിഭാഗത്തിന്റെ ശക്തമായ പിന്തുണ. പരമാവധി പോരെ പങ്കെടുപ്പിച്ച് 4ന് നടകുന്ന പുസ്തക പ്രകാശന് ചടങ്ങ് ശ്രദ്ധേയമാക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. അതേസമയം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഇന്ന് പയ്യന്നൂരിൽ എത്തുമ്പോൾ വൻ സ്വീകരണം ഒരുക്കി പാർട്ടി കരുത്ത് വിമർശകരെയും മാദ്ധ്യമങ്ങളെയും ബോദ്ധ്യപ്പെടുത്താനുളള പരിശ്രമത്തിലാണ് നേതൃത്വം. കുഞ്ഞികൃഷ്ണനെതിരായ പാർട്ടി നടപടിയെ ചോദ്യം ചെയ്ത് പയ്യന്നൂരിലെ ചില ബ്രാഞ്ച് യോഗങ്ങളിൽ വിമർശന സ്വരമുയർന്നതായി റിപ്പോർട്ടുണ്ട്.

വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൽ പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ സാമ്പത്തിക ക്രമക്കേടുകൾ വിശദമായി പുറത്തുകൊണ്ടുവരുന്നുണ്ട്. കൊല്ലപ്പെട്ട രക്തസാക്ഷി ധനരാജിന്റെ സഹായത്തിനായി സമാഹരിച്ച ഫണ്ടിലെ ക്രമക്കേടുകൾ ആണ് പുസ്തകം വെളിപ്പെടുത്തുന്നത്. കുടുംബസഹായം, വീട് നിർമാണം, കേസ് നടത്തിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ശേഖരിച്ച ഫണ്ടിന്റെ കണക്കുകൾ പാർട്ടി തന്നെ അവതരിപ്പിച്ച രേഖകൾ അടിസ്ഥാനമാക്കിയാണ് കുഞ്ഞികൃഷ്ണൻ പുറത്തുവിടുന്നത്. പാർട്ടി സ്ഥലം ഏറ്റെടുത്തതിലും കൂപ്പൺ വിതരണത്തിലും നടന്ന അഴിമതികൾ ഒരു ഓഡിറ്റ് റിപ്പോർട്ട് എന്ന പോലെ പുസ്തകം വിശദീകരിക്കുന്നു.
പുസ്തകത്തിൽ കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്. കെട്ടിട നിർമാണത്തിലും ധനരാജ് ഫണ്ടിലും മാത്രം പാർട്ടിക്ക് നഷ്ടമായത് 51.2 ലക്ഷം രൂപ. ജില്ലാ കമ്മിറ്റി തീരുമാനപ്രകാരം പാർട്ടി ഫണ്ടിൽ നിന്ന് ധനരാജ് ഫണ്ടിലേക്ക് മാറ്റേണ്ട 40 ലക്ഷം രൂപ കൂടി ചേർത്താൽ ആകെ നഷ്ടം 91.2 ലക്ഷം രൂപയാകും.
'ഇത്രയും പണം അപഹരിക്കപ്പെട്ടപ്പോൾ ഒരു പണവും നഷ്ടപ്പെട്ടിട്ടില്ലെന്ന് നേതൃത്വം പറയുന്നത് ആശ്ചര്യകരമാണ്. പാർട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്ന ചോദ്യത്തിൽ ഞാൻ പാർട്ടിയെ തിരഞ്ഞെടുത്തു. അഞ്ച് വർഷമായിട്ടും പാർട്ടി തെറ്റ് തിരുത്താത്ത സാഹചര്യത്തിലാണ് ഇത് പുറത്തുകൊണ്ടുവരേണ്ടി വന്നത്,' കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ എഴുതുന്നു.

'പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തെറ്റ് തിരുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ജനങ്ങൾക്ക് മുന്നിൽ ഇത് തുറന്നുപറയാൻ നിർബന്ധിതനായത്,' കുഞ്ഞികൃഷ്ണൻ ആവർത്തിക്കുന്നു.



പാലക്കാട് പ്ലീനം മുന്നറിയിപ്പ്
2013ലെ പാലക്കാട് പ്ലീനം രേഖയെ മുൻനിർത്തിയാണ് കുഞ്ഞികൃഷ്ണൻ സന്ധിയില്ലാത്ത സമരത്തിന് ഇറങ്ങിയതെന്ന് സൂചനയുണ്ട്. അഴിമതി, ധാർമികമായ അധഃപതനം, ജനങ്ങളിൽ നിന്നുള്ള അകൽച്ച എന്നിവ പരിഹരിച്ചില്ലെങ്കിൽ പാർട്ടിയുടെ ബഹുജനാധിഷ്ഠിതത്തിന് കോട്ടം തട്ടുമെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്ലാത്ത പാർട്ടിയായി മാറാനിടയുണ്ടെന്നും പ്ലീനം രേഖ മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY