
മലപ്പുറം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള ഓഫീസ് പൊന്നാനിയിൽ തുറന്ന് ഇ ശ്രീധരൻ. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഇന്നുമുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് ശ്രീധരൻ അറിയിച്ചു.
'ഓഫീസ് തുറന്നു, സ്റ്റാഫിനെ വിളിച്ചിട്ടുണ്ടെങ്കിലും എല്ലാവരും എത്തിയിട്ടില്ല. ഇന്നുമുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. നാട്ടുകാർക്ക് ഉപദ്രവമില്ലാതെയായിരിക്കും എന്തും ചെയ്യുന്നത്. വേഗം പണി തീർക്കാനുള്ള കാര്യങ്ങളും ഡിപിആറിന്റെ കാര്യങ്ങളും സ്റ്റാഫിന് പറഞ്ഞുകൊടുക്കും. ഏപ്രിലോടെ ഫീൽഡ് വർക്ക് ആരംഭിച്ച് ജൂൺ ഒന്നോടെ പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ഏജൻസിയെയും തീരുമാനിക്കും.
ഏതൊക്കെ സ്റ്റേഷനാണ് വേണ്ടതെന്ന് തീർച്ചയാക്കിക്കഴിഞ്ഞു. അത് എലിവേറ്റഡ് ആണോ അണ്ടർഗ്രൗണ്ട് ആണോ എന്നത് നിശ്ചയിക്കും. സ്റ്റേഷൻ ടു സ്റ്റേഷൻ പ്ളാനുണ്ടാക്കും. നാട്ടുകാരെ കയ്യിലെടുക്കണം. അവരുടെ വിശ്വാസം നേടണം. മാന്വലായാണ് സർവേ നടത്തുക. മഞ്ഞകുറ്റികൾ തത്‌കാലം ഇടില്ല. ഭൂമി ഏറ്റെടുക്കലിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കും. 20 മീറ്റർ വീതിയാണ് വേണ്ടത്'- ഇ ശ്രീധരൻ വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഫെബ്രുവരി 15 മുതൽ യോഗങ്ങൾ ആരംഭിക്കുമെന്ന് ഇ ശ്രീധരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും നടക്കുക.
കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളം അതിവേഗ റെയിൽപ്പാത (ആർ.ആർ.ടി.എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസത്തെ ബജ്‌ഡറ്റ് പ്രഖ്യാപനത്തിൽ നിരാശയായിരുന്നു ഫലം. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. മുംബയ് - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബംഗളൂരു, ഡൽഹി - വാരാണസി, വാരാണസി - സിലിഗുരി എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച ഇടനാഴികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |