SignIn
Kerala Kaumudi Online
Friday, 15 May 2026 5.44 PM IST

റവന്യൂ കസ്റ്റഡിയിലെ എട്ട് പവൻ സ്വർണം മുക്കുപണ്ടമായി: സമാന്തര അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

sulaikha

തൃശൂർ: കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പിന്റെ പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ച എട്ടരപ്പവൻ സ്വർണം മുക്കുപണ്ടമായി മാറ്റിയ സംഭവത്തിൽ സമാന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. 2003 മുതൽ 2022 വരെ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും വിളിപ്പിച്ചു മൊഴിയെടുക്കാനാണ് തീരുമാനം.

2003 ജനുവരി 25നാണ് കാട്ടൂർ സ്വദേശിനി റംലത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പോസ്റ്റുമോർട്ടം ചെയ്യുന്നതിനിടയിലാണ് ആഭരണങ്ങൾ പരിശോധിച്ച് രേഖയാക്കുന്നത്. തൃശൂർ ആർടിഒ ഓഫീസിലാണ് സ്വർണം സൂക്ഷിക്കാനായി കോടതി ചുമലത നൽകിയത്. മക്കൾക്ക് പ്രായപൂർത്തിയാകുന്നത് വരെ റംലത്തിന്റെ എട്ടരപ്പവൻ സ്വർണാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനാണ് ആർഡിഒ ഓഫീസിനെ ചുമതലപ്പെടുത്തിയത്. 2022ൽ മക്കൾക്ക് പ്രായപൂർത്തിയായതിനെത്തുടർന്ന് കുടുംബം സ്വർണം തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് ലോക്കറിൽ ഇരുന്നത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.


2004നും 2022നും ഇടയിലുള്ള 18 വർഷത്തെ കാലയളവിലാണ് സ്വർണം മാറ്റി സ്ഥാപിക്കപ്പെട്ടത്. ഇത്രയും ദീർഘമായ കാലയളവായതിനാൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുക പൊലീസിന് വെല്ലുവിളിയാണ്. തൃശൂർ വെസ്റ്റ് പൊലീസ് 2022ൽ കേസെടുത്തെങ്കിലും അന്വേഷണത്തിന് ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സർക്കാർ സംവിധാനത്തെ വിശ്വസിച്ച് ഏൽപ്പിച്ച സ്വർണം നഷ്ടപ്പെട്ട സാഹചര്യത്തിൽ, കുറ്റക്കാരെ കണ്ടെത്താനായില്ലെങ്കിലും റംലത്തിന്റെ കുടുംബത്തിന് സ്വർണം തിരിച്ചുനൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

നിലവിൽ വാടകവീട്ടിലാണ് റംലത്തിന്റെ മക്കളും ഉമ്മുമ്മ സുലൈഖയും താമസിക്കുന്നത്. നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ചാൽ അതുകൊണ്ട് ചെറിയൊരു വീട് പണിയാമെന്ന പ്രതീക്ഷയിലാണ് നിർധന കുടുംബം. ഉദ്യോഗസ്ഥതലത്തിൽ നടന്ന ക്രമക്കേടിൽ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: REVENUE, FAKE GOLD, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA