
തിരൂർ: ഇന്ന് അമൃത സ്നാനത്തോടെ 19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള സമാപിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്നാനം രാവിലെ 8 മണിക്ക് ആരതിഘട്ടിൽ നടക്കും. അമൃതസ്നാനത്തിൽ നാഗസന്യാസിവര്യന്മാർക്കൊപ്പം ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും.
ഹിന്ദുപുരാണ പരമ്പരകളനുസരിച്ച്, അമൃതസ്നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തിൽ നടത്തുന്ന പുണ്യസ്നാനം പാപമുക്തി നൽകുകയും ജന്മമരണചക്രത്തിൽ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണർവിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അമൃതസ്നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധർമ്മത്തിന്റെ നിലനിൽപ്പിനായി സർവ്വതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. യതി ആചാര്യന്മാരെ പൂജിക്കുന്നതിലൂടെ ഗുരുത്വബോധവും ജീവിതത്തിൽ സൻമാർഗ്ഗഗതിയും ലഭിക്കുമെന്നും ജ്ഞാനികളായ സന്യാസിമാരുടെ പാദപൂജയും അന്നദാനവും പുണ്യം നൽകുമെന്നുമാണ് വിശ്വാസം.
തുടർന്ന് ഭണ്ഡാര എന്ന വിശിഷ്ട ആചാരം നടക്കും. സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്ന ഈ ചടങ്ങിന് ആത്മീയ പ്രാധാന്യമേറെയാണ്.
മാഘമകം അമൃതസ്നാനം, യതി പൂജ, ഭണ്ഡാര, വൈകിട്ട് നടക്കുന്ന നിള ആരതി എന്നീ ചടങ്ങുകളോടെ മഹാമാഘ മഹോത്സവം സമാപിക്കുമ്പോൾ, തിരുനാവായയിലെ ഭാരതപ്പുഴ തീരം ആത്മീയ ഉണർവിന്റെയും സമൂഹധാർമ്മിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു. ഇന്നലെ രാവിലെ പ്രഥമ തിഥിയിലും ആയില്യം നക്ഷത്രത്തിലും ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. വൈകിട്ട് ഏഴ് മണി മുതൽ കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു സർപ്പബലി. തുടർന്ന് നടന്ന നിളാ ആരതിക്ക് നിരവധി ഭക്തർ പങ്കെടുത്തു. 2028ൽ നിളാതീരത്ത് നടക്കുന്ന മഹാകുഭമേളയിൽ 13 അഖാഡകളും ശങ്കരാചാര്യന്മാരും പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |